കൊട്ടാരക്കര: ഓൾ ഇന്ത്യ വിമുക്ത അർദ്ധസൈനിക വെൽഫെയർ അസോസിയേഷൻ ജില്ലാ ജനറൽ ബോഡി മീറ്റിംഗും സംഘടനാ തിരഞ്ഞെടുപ്പും 10ന് കൊട്ടാരക്കരയിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഉച്ചയ്ക്ക് 2ന് കച്ചേരിമുക്ക് ഗാന്ധി ലെനിൻ ലൈബ്രറി ഹാളിൽ നടക്കുന്ന ജനറൽബോഡി ദേശീയ ജനറൽ സെക്രട്ടറി പി.എസ്.നായർ ഉദ്ഘാടനം ചെയ്യും. ജില്ലാ രക്ഷാധികാരി ജി.രാമചന്ദ്രൻ അദ്ധ്യക്ഷനാകും. സംസ്ഥാന പ്രസിഡന്റ് വിജയനാഥ് മുഖ്യ പ്രഭാഷണം നടത്തും. ഏഴായിരം മെമ്പർഷിപ്പാണ് സംഘടനയ്ക്ക് കേരളത്തിലുള്ളത്. മുന്നൂറ് പ്രതിനിധികൾ ജനറൽ ബോഡിയിൽ പങ്കെടുക്കും. പ്രത്യേക സായുധസേന പെൻഷൻ റൂൾ, എൻ.പി.എസ് ഒഴിവാക്കൽ, സി.പി.സിയെ ജി.എസ്.ടിയിൽ നിന്ന് ഒഴിവാക്കൽ, ഒരു റാങ്കിന് ഒരു പെൻഷൻ എന്നിവ ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിന് നിവേദനം നൽകിയതായും നാളിതുവരെ ഇവ അനുവദിച്ചിട്ടില്ലെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ കോട്ടയ്ക്കൽ രാജപ്പൻ, ജി.രാമചന്ദ്രൻ, എൻ.ശിവശങ്കര പിള്ള, ബി.വേലായുധൻ, ജെ.വർഗീസ്, ജി.സോമൻ പിള്ള, കെ.തുളസീധരൻ പിള്ള, കെ.എൻ.ബാഹുലേയൻ എന്നിവർ പങ്കെടുത്തു.