കൊല്ലം: സംസ്ഥാനത്തെ ആറ് മുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥിനികൾക്ക് ആർത്തവ ശുചിത്വ ബോധവത്കരണം നൽകാൻ സംസ്ഥാന വനിതാ വികസന കോർപ്പറേഷനുമായി സഹകരിച്ച് ആരംഭിച്ച ഷീ പാഡ് പദ്ധതി വിപുലമാക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് സർക്കാർ നിർദ്ദേശം. പി.ടി.എയുടെ സഹകരണം ഉറപ്പാക്കിയ ശേഷമേ പദ്ധതി നടപ്പാക്കാവൂ എന്നും നിർദ്ദേശമുണ്ട്.
സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ ആറ് മുതൽ പ്ലസ്ടു വരെയുള്ള വിദ്യാർത്ഥിനികൾക്ക് സൗജന്യമായി പാഡ്, ആർത്തവശുചിത്വ അവബോധം, സാനിട്ടറി പാഡുകൾ സൂക്ഷിക്കാനുള്ള അലമാര, ഉപയോഗ ശേഷം വിദ്യാർത്ഥിനികൾ ഉപേക്ഷിക്കുന്ന പാഡുകൾ നശിപ്പിക്കാനുള്ള ഇൻസിനറേറ്റർ എന്നിവ നൽകുന്ന പദ്ധതിയാണ് ഷീപാഡ്.
2017ൽ വനിതാ വികസന കോർപ്പറേഷനും വിദ്യാഭ്യാസ വകുപ്പും തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് ആരംഭിച്ച ഷീ പാഡ് പദ്ധതി കൊവിഡ് ഉൾപ്പെടെയുള്ള കാരണങ്ങളാൽ നിർജ്ജീവമായി. പദ്ധതി സജീവമാക്കണമെന്ന് ആവശ്യമുയർന്നതോടെയാണ് സർക്കാർ ഉത്തരവിറക്കിയത്.
പാഡ് വെൻഡിംഗ് മെഷീനിന് പകരം സ്‌കൂളുകളിൽ സാനിട്ടറി പാഡുകൾ സൂക്ഷിക്കാൻ അലമാരയാണ് നൽകിയിട്ടുള്ളത്. ആവശ്യമുള്ള വിദ്യാർത്ഥിനികൾക്ക് അദ്ധ്യാപികമാർ പാഡ് കൈമാറും. ഒരു വിദ്യാർത്ഥിനിക്ക് മാസം രണ്ടുപാക്കറ്റ് പാഡ്, ഇരുന്നൂറു വിദ്യാർത്ഥിനികൾക്ക് ഒരു ഇൻസിനറേറ്റർ എന്നിങ്ങനെയാണ് വനിതാ വികസന കോർപ്പറേഷൻ സ്‌കൂളുകൾക്ക് നൽകുന്നത്.
സൗജന്യമായി നൽകും
ഗുണനിലവാരം ഉറപ്പാക്കിയ പാഡുകൾ
നൽകുന്നത് 17 രൂപ വിലയുള്ള പാഡ്
സ്കൂളുകൾക്ക് നൽകുന്ന ഇൻസിനറേറ്ററിന് 25,168 രൂപ
അലമാരയ്ക്ക് 13,664 രൂപ
ഇൻസിനറേറ്ററും അലമാരയും പാഡും സൗജന്യമായി നൽകും
പരിപാലനം പി.ടി.എയ്ക്ക്
സ്‌കൂൾ തുറക്കുന്നത് മുതൽ വാർഷിക പരീക്ഷ കഴിഞ്ഞ് അടയ്ക്കുന്നത് വരെ പദ്ധതി തടസമില്ലാതെ നടപ്പാക്കണമെന്നാണ് സർക്കാർ നിർദ്ദേശം. ഇൻസിനേറ്ററുകൾ ഉൾപ്പെടെയുള്ളവയുടെ പരിപാലന ചുമതല പി.ടി.എയ്ക്കാണ്.
അതേസമയം ഷീപാഡ് പദ്ധതി നടപ്പാക്കിയ ചില തദ്ദേശ സ്ഥാപനങ്ങൾ നടത്തിപ്പ് സ്വകാര്യ ഏജൻസികൾക്ക് കൈമാറിയിട്ടുണ്ട്.
സ്വകാര്യ ഏജൻസികൾ വഴി നൽകുന്ന സാനിറ്ററി പാഡുകൾ ഗുണമേന്മ, നിർദ്ദിഷ്ട വലിപ്പം എന്നിവ പാലിക്കുന്നില്ല. വെൻഡിംഗ് മെഷീനിന്റെയും ഇൻസിനറേറ്ററിന്റെയും അറ്റകുറ്റപ്പണി നടത്തുന്നില്ല.
വനിതാ വികസന കോർപ്പറേഷൻ അധികൃതർ