കൊല്ലം: നഗരത്തിലെ റോഡുകളിൽ മാഞ്ഞുകിടന്നിരുന്ന സീബ്ര ലൈനുകൾക്ക് പുതു ജീവൻ. ഇവയെല്ലാം പുതുക്കി വരയ്ക്കുന്ന ജോലികൾ പി.ഡബ്ളിയു.ഡി ഹൈവേ വിഭാഗത്തിന്റെ മേൽനോട്ടത്തിൽ കഴിഞ്ഞ ദിവസം ആരംഭിച്ചു. കാവനാട് ആൽത്തറ ജംഗ്ഷൻ മുതൽ മേവറം വരെയുള്ള 13 കിലോമീറ്ററിലെ പഴയ ദേശീയ പാതയിൽ വിവിധയിടങ്ങളിൽ മങ്ങിക്കിടക്കുന്നതും മാഞ്ഞു പോയതുമായ ലൈനുകളാണ് വരയ്ക്കാൻ തുടങ്ങിയത്.

ഏറ്റവും പ്രധാനപ്പെട്ടതും തിരക്കേറിയതുമായ ഇടങ്ങളിലാണ് ആദ്യം വരയ്ക്കുന്നത്. നഗരത്തിലെ സീബ്ര ലൈനുകൾ മാഞ്ഞു കിടക്കുന്നത് സംബന്ധിച്ച് 'കേരളകൗമുദി' നിരന്തരം വാർത്തകൾ നൽകിയിരുന്നു. ദേശീയ പാതയിൽ ഓച്ചിറ മുതൽ പാരിപ്പള്ളി വരെയും ലൈനുകൾ വരയ്ക്കാൻ പദ്ധതിയുണ്ട്. ഇതിന്റെ ചുമതല നാഷണൽ ഹൈവേ അതോറിട്ടിക്ക് കൈമാറി. എന്നാൽ ദേശീയപാതയുടെ നിർ‌മ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ പഴയ ഹൈവേ ഒഴികെയുള്ള സ്ഥലങ്ങളിൽ ലൈനുകൾ വരയ്ക്കുന്നത് വൈകാനാണ് സാദ്ധ്യത. ചിന്നക്കട റൗണ്ട്, റെയിൽവേ സ്റ്റേഷൻ, കോളേജ് ജംഗഷൻ തുടങ്ങി നഗരത്തിലെ എറ്റവും തിരക്കുള്ള പ്രധാന ഇടങ്ങളിലെ വരയ്ക്കൽ പൂർത്തിയായി.

നഗരത്തിലെ സീബ്ര ലൈനുകളെല്ലാം മങ്ങിയും മാഞ്ഞും കിടക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. ഇതുകാരണം വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ റോഡ് മുറിച്ചുകടക്കാൻ ഏറെ ബുദ്ധിമുട്ടിയിരുന്നു. സ്കൂൾ സമയങ്ങളിൽ രാവിലെയും വൈകിട്ടുമാണ് തിരക്കേറെയും. പൊലീസിന്റെ സാന്നിദ്ധ്യം പലേടത്തും ഉണ്ടെങ്കിലും സീബ്രാ ലൈനുകളുടെ അഭാവം വിദ്യാർത്ഥികളടക്കമുള്ളവരെ അലക്ഷ്യമായി റോഡ് മുറിച്ചു കടക്കാൻ പ്രേരിപ്പിക്കുകയും ഇത് അപകടങ്ങൾക്ക് കാരണമാവുകയും ചെയ്തിരുന്നു.

വാഹനങ്ങൾക്കിടയിലൂടെ

സീബ്രാ ലൈനുകൾ മങ്ങിക്കിടക്കുന്നതിനാൽ സിഗ്നൽ സമയത്ത് വാഹനങ്ങൾ ലൈനുകൾക്കപ്പുറം നിറുത്തുന്നതിനാൽ കാർനട യാത്രികർ വാഹനങ്ങൾക്കിടയിലൂടെ റോഡ് മുറിച്ചുകടക്കേണ്ട അവസ്ഥയാണ്. ലൈനുകൾ പുതുക്കി വരയ്ക്കണമെന്ന് സിറ്റി ട്രാഫിക് പൊലീസ് അടക്കം നിരന്തരം ആവശ്യമുന്നയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ട്രാഫിക്ക് സുരക്ഷാ പരിപാടിയിൽ ഉൾപ്പെടുത്തിയാണ് ഇപ്പോൾ വരച്ചു തുടങ്ങിയത്.