പി.ഡബ്ല്യു.ഡി.ഓഫീസിൽ
ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ ഉപരോധ സമരം
ഓച്ചിറ: കുഞ്ഞനാടികുളം (കല്ലൂർ മുക്ക്) - വള്ളികുന്നം പൊതുമരാമത്ത് റോഡിൽ മാസങ്ങൾക്ക് മുൻപ് പൊളിച്ച് പണിയാൻ തുടങ്ങിയ വളയൻതറ ജംഗ്ഷനിലുള്ള കലുങ്ക് നിർമ്മാണം പൂർത്തിയാക്കി ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്തു നിരത്ത് വിഭാഗം അസി.എൻജിനീയർ ഓഫീസ് ഓച്ചിറ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ ഉപരോധിച്ചു. ഓച്ചിറ ഗ്രാമപഞ്ചായത്തംഗങ്ങളായ മാളു സതീഷ്, മിനി പൊന്നൻ എന്നിവരാണ് ഉപരോധ സമരം നടത്തിയത്.അപകടാവസ്ഥയിലായ കലുങ്ക് പുതുക്കി നിർമ്മിക്കണം എന്ന നാട്ടുകാരുടെ നിരന്തര ആവിശ്യത്തിന്റെ ഭാഗമായാണ് തുക അനുവദിച്ചത്. മൂന്ന് മാസം കൊണ്ട് നിർമ്മാണം പൂർത്തിയാക്കാം എന്ന ഉറപ്പിലാണ് പി.ഡബ്ല്യു.ഡി അധികൃതർ കലുങ്ക് നിർമ്മാണം ആരംഭിച്ചത്. ഏഴു മാസം പിന്നിട്ടിട്ടും നിർമ്മാണം പൂർത്തിയാക്കി റോഡ് സഞ്ചാരയോഗ്യമാക്കിയില്ലെന്നാരോപിച്ചാണ് ഗ്രാമപഞ്ചായത്ത് അംഗങ്ങൾ പ്രതിഷേധിച്ചത്.
കലുങ്ക് തത്കാലികമായി തുറന്നു
ഓച്ചിറ സി.എച്ച്.സി, ആയുർവേദ ആശുപത്രി, ഗവ. എൽ.പി.എസ് തുടങ്ങിയവയിൽ എത്തുന്നവരും വള്ളികുന്നം, തഴവ പഞ്ചായത്തുകളിലെ ജനങ്ങൾ നാഷണൽ ഹൈവേയിലേക്ക് എത്തുന്നതും ഈ റോഡിനെ ആശ്രയിച്ചാണ്. ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് കാൽ നടയാത്രക്കാർക്കും ചെറു വാഹങ്ങൾക്കുമായി കലുങ്ക് തത്കാലികമായി തുറന്നു കൊടുത്തിട്ടുണ്ട്. അശാസ്ത്രീയമായി മെറ്റിലും പണി സാമഗ്രികളും കൂട്ടിയിട്ടിരിക്കുന്നതിനാലും യാത്രക്ക് തടസമായി നിൽക്കുന്ന ഇലക്ട്രിക് പോസ്റ്റ് മാറ്റി സ്ഥാപിക്കാത്തതും സംരക്ഷണ ഭിത്തി നിർമ്മിക്കാത്തതും അപകടത്തിന് കാരണമാകുന്നു.
മഴയത്ത് പ്രദേശം വെള്ളക്കെട്ടിൽ
നിർമ്മാണത്തിനായി വെള്ളം ഒഴുക്ക് തടസപ്പെടുത്തിയിരിക്കുന്നതിനാൽ മഴയാകുമ്പോൾ പ്രദേശത്ത് വീടുകളിലും കൃഷിസ്ഥലത്തും കനത്ത വെള്ളകെട്ടിന് കാരണം ആകുന്നുവെന്നും ഗ്രാമപഞ്ചായത്ത് അംഗങ്ങൾ ആരോപിച്ചു. ഉപരോധസമരം കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അൻസാർ മലബാർ ഉൽഘാടനം ചെയ്തു. കലുങ്ക് നിർമാണവും സംരക്ഷണഭിത്തിയും അടിയന്തരമായി നിർമ്മിച്ചു പ്രശ്നത്തിനു പരിഹാരം കാണാം എന്ന പി.ഡബ്ല്യു.ഡി അധികൃതരുടെ ഉറപ്പിലാണ് ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ സമരം അവസാനിപ്പിച്ചത്.