a
പന്മന പഞ്ചായത്തിൽ, ചോല നിവാസിയായ യോഗീദാസനെ ഗാന്ധിഭവൻ അധികൃത‌ർ ഏറ്റെടുക്കുന്നു

ചവറ: ചവറ സി. എച്ച്.സിയിൽ കഴിഞ്ഞ എട്ട് ദിവസമായി ചികിത്സ കഴിഞ്ഞ് പോകാനിടമില്ലാതെ കഴിഞ്ഞിരുന്ന പന്മന പഞ്ചായത്തിൽ, ചോല നിവാസിയായ യോഗീദാസനെ (71 ) ഗാന്ധിഭവൻ ഏറ്റെടുത്തു. സൂപ്രണ്ട് ഡോ.താനൂജയുടെ ഇടപെടലിൽ ചവറ പൊലീസ് എസ്. എച്ച്.ഒ. ബിജുവിനെ വിവരം അറിയിച്ചതനുസരിച്ച് യോഗീദാസന്റെ കുടുബവുമായി ബന്ധപ്പെട്ടപ്പോൾ ഭാര്യയും മൂന്ന് മക്കളും ഏറ്റെടുക്കാൻ തയ്യാറല്ലെന്ന് അറിഞ്ഞു.പിന്നീട് എൻ.കെ പ്രേമചന്ദ്രൻ എം.പിയെ നെറ്റിയാട്ട് പൗരസമിതി പ്രസിഡന്റ് നെറ്റിയാട്ട് റാഫി വിവരം അറിയിക്കുകയും തുട‌ർന്ന് പത്തനാപുരം ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ ഇദ്ദേഹത്തെ ഏറ്റെടുക്കാൻ സമ്മതം അറിയിച്ചു. ചവറ സി.എച്ച്.സി അങ്കണത്തിൽ വെച്ച് ആവശ്യമായ രേഖകൾ സ്ഥലം ഡോക്.സുജിത്ത് വിജയൻ പിള്ളഎം.എൽ.എ പത്തനാപുരം ഗാന്ധിഭവൻ ജനറൽ കോ- ഓഡിനേറ്റർ സിദ്ദിഖ് മംഗലശ്ശേരിയ്ക്ക് കൈമാറി. കൊല്ലം ജില്ലാപഞ്ചായത്ത്‌ അംഗം അഡ്വ.സി.പി.സുധീഷ് കുമാർ, ഡോ.തനൂജ, ഹെൽത്ത് ഇൻസ്‌പെക്ടർ ഷിബു, പന്മന ഗ്രാമപഞ്ചായത്ത് അംഗം ഷംന റാഫി, ജീവകാരുണ്യപ്രവർത്തകരായ ആന്റണി മരിയാൻ, നിർമ്മല ജോർജ്, റഫീഖ വള്ളികുന്നം എന്നിവർ പങ്കെടുത്തു.