
കൊല്ലം: പൂയപ്പള്ളിയിൽ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുസപോയ സംഭവത്തിൽ കൂടുതൽ പ്രതികളുണ്ടോയെന്ന് ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കും.ഇതിന്റെ ഭാഗമായി, പ്രതികൾ സഞ്ചരിച്ച കാർ കണ്ടതായി പറഞ്ഞവരിൽ ചിലരുടെ മൊഴി ഇന്നലെ രേഖപ്പെടുത്തി. ഇവരുടെ മൊഴിയിലുള്ള പ്രദേശത്തെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങളും ശേഖരിച്ചു.
അറസ്റ്റിലായ ചാത്തന്നൂർ സ്വദേശി പത്മകുറിനെയും ഭാര്യ അനിത കുമാരിയെയും മകൾ അനുപമയെയും നാളെ കസ്റ്റഡിയിൽ ലഭിക്കുമെന്നാണ് പ്രതീക്ഷ.പ്രതികളുടെ സാമ്പത്തിക ബാദ്ധ്യതയുടെ വിശദാംശങ്ങളും സമീപകാലത്തെ ഫോൺ വിളികളും പരിശോധിക്കും.
പത്മകുമാറിന്റെ മാമ്പള്ളിക്കുന്നത്തെ വീട്ടിലും ചിറക്കരയിലെ ഫാം ഹൗസിലും ഇന്നലെ പരിശോധന നടത്തി.രണ്ട് ദിവസം മുമ്പ് പത്മകുമാറിന്റെ ഫാം ഹൗസ് ജീവനക്കാരിക്ക് നേരെ ഫോണിൽ വധ ഭീഷണി വന്നിരുന്നു. തിങ്കളാഴ്ച രാത്രി ജീവനക്കാരിയുടെ ഭർത്താവിന് നേരെ ആക്രണവുമുണ്ടായി. രണ്ട് സംഭവങ്ങൾക്കും തട്ടിക്കൊണ്ടുപോകൽ കേസുമായി ബന്ധമില്ലെന്ന് ചാത്തന്നൂർ പൊലീസ് പറഞ്ഞു.
പത്മകുമാർ ചവിട്ടിയെന്ന് ഭാര്യാ മാതാവ്
അനിതകുമാരി കോളേജ് വിദ്യാർത്ഥിനിയായിരിക്കുമ്പോൾ പതിനെട്ടാം വയസിൽ പത്മകുമാറിനൊപ്പം ഒളിച്ചോടി. പിന്നെ വീട്ടുകാർ ഇടപെട്ട് വിവാഹം നടത്തി. കുണ്ടറയിലെ വീട്ടിൽ ഇടയ്ക്കിടെ വരുമായിരുന്നു. കുടുംബ പ്രശ്നങ്ങളെ തുടർന്ന് സഹോദരൻ പിണങ്ങിപ്പോയി. പിതാവിന്റെ പേരിൽ വീടുൾപ്പടെ 20 സെന്റ് വസ്തുവുണ്ടായിരുന്നു. അതിൽ ഏഴ് സെന്റ് വിറ്റപ്പോൾ പത്ത് ലക്ഷം രൂപ അനിതകുമാരി വാങ്ങി. പിന്നീട് ബാങ്കിൽ പണയം വയ്ക്കാനെന്ന പേരിൽ 13 സെന്റും അനിതകുമാരി തന്റെ പേരിൽ എഴുതു വാങ്ങിയെന്ന് മാതാവ് മീനാക്ഷി അമ്മ പറഞ്ഞു.
ഇതിന് ശേഷം തിരഞ്ഞുനോക്കാതെ അച്ഛനും അമ്മയുമായി അകന്നു.കൊവിഡിന് പിന്നാലെ അച്ഛൻ രോഗം മൂർച്ഛിച്ച് ആശുപത്രിയിലായി. വൈകാതെ മരിച്ചു. അച്ഛൻ അത്യാസന്ന നിലയിലാണെന്ന് അറിയിച്ചിട്ടും ആശുപത്രിയിൽ എത്താതിരുന്ന അനിതകുമാരി മരിച്ചപ്പോഴും തിരിഞ്ഞുനോക്കിയില്ല. പിന്നീട് താൻ വീട്ടിൽ ഒറ്റയ്ക്കായി. തന്റെ സംരക്ഷണം ഏറ്റെടുക്കണമെന്ന് വാർഡ് മെമ്പർ അനിതകുമാരിയോട് ആവശ്യപ്പെട്ടു. തയ്യാറാകാഞ്ഞതോടെ തന്റെ പേരിലുള്ള 13 സെന്റ് ഭൂമി തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് ചാത്തന്നൂരിലെ വീട്ടിലെത്തി. അപ്പോൾ തന്നെ ചവിട്ടി വീഴ്ത്തിയ പത്മകുമാർ ഒപ്പമുണ്ടായിരുന്ന ബന്ധുവിനെയും ആക്രമിച്ചു. തന്നെ സംരക്ഷിക്കുന്നില്ലെന്നുള്ള പരാതിയിൽ കൊല്ലം ആർ.ഡി.ഒ കോടതിയിൽ ഹിയറിംഗ് നടന്നുവരുകയാണ്.
പത്മകുമാറിന്റെ ജീവനക്കാരിയുടെ ഭർത്താവിനും സഹോദരനും മർദ്ദനം
ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയതിന് അറസ്റ്റിലായ പത്മകുമാറിന്റെ ഫാം ഹൗസിലെ ജീവനക്കാരിയുടെ ഭർത്താവിനെയും സഹോദരനെയും അജ്ഞാത സംഘം ആക്രമിച്ചു. പോളച്ചിറ തെങ്ങുവിളയിലാണ് ഫാം ഹൗസ്. ഇവിടത്തെ ജീവനക്കാരി ഷീബയുടെ ഭർത്താവ് ആർ.ഷാജി, സഹോദരൻ ബിജു എന്നിവർക്കാണ് മർദ്ദനമേറ്റത്.
ഇരുവരെയും ആദ്യം നെടുങ്ങോലം താലുക്ക് ആശുപത്രിയിലാക്കിയെങ്കിലും സാരമായി പരിക്കേറ്റ ബിജുവിനെ പിന്നീട് കൊല്ലം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
തിങ്കളാഴ്ച രാത്രി എട്ടരയോടെ ആയിരുന്നു സംഭവം. ഷാജിയും ബിജുവും ബൈക്കിൽ നെടുങ്ങോലം പാറയിൽ ജംഗ്ഷനിൽ നിന്ന് വീട്ടിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. പിന്നാലെയെത്തിയ ഓട്ടോ ബൈക്കിനു കുറുകെ നിറുത്തിയ ശേഷം നാലംഗസംഘം ആക്രമിക്കുകയായിരുന്നു. പരവൂർ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് ശുപത്രിയിലെത്തി മൊഴിയെടുത്തു.
കൊല്ലുമെന്ന് ഫോൺകാൾ
ഷീബയെയും ഷാജിയെയും ഭീഷണിപ്പെടുത്തിക്കൊണ്ട് കഴിഞ്ഞ ദിവസം അജ്ഞാത ഫോൺകാൾ വന്നിരുന്നു. ഷീബ പത്മകുമാറിനെ കുറിച്ച് മാദ്ധ്യമപ്രവർത്തകരോട് അനാവശ്യം പറഞ്ഞെന്നും ഇരുവരെയും കൊലപ്പെടുത്തുമെന്നുമായിരുന്നു ഫോൺകാൾ. ചാത്തന്നൂർ സ്വദേശി രാജേഷിന്റെ ഫോണിൽ നിന്നാണ് കാൾ വന്നതെന്ന് പൊലീസ് കണ്ടെത്തി. ഫാം ഹൗസിലെ ജീവനക്കാരനായിരുന്ന ഇയാൾ വർഷങ്ങളായി കിടപ്പിലാണ്. ഫോൺകാളും ആക്രമണവുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.