കൊല്ലം: മത്സ്യബന്ധത്തിനിടെ ഹൃദയാഘാതമുണ്ടായ മത്സ്യത്തൊഴിലാളി കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാൻ കോസ്റ്റൽ പൊലീസിന്റെ സഹായം ലഭിക്കാതെ നടുക്കടലിൽ വച്ച് മരിച്ചു. കൊല്ലം പോർട്ട് ഹാർബറിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ പള്ളിത്തോട്ടം പുതിയ കോളനി നീലിമ ഫ്ളാറ്റിൽ തോമസാണ് (56) മരിച്ചത്.
ഹൃദയാഘാതം ഉണ്ടായപ്പോൾ തന്നെ ഒപ്പമുണ്ടായിരുന്നവർ കോസ്റ്റൽ പൊലീസിൽ വിവരം അറിയിച്ചെങ്കിലും ബോട്ടില്ലെന്ന് പറഞ്ഞ് കൈയൊഴിഞ്ഞു. ഇതോടെ രണ്ട് മണിക്കൂറെടുത്താണ് തങ്ങളുടെ ബോട്ടിൽ തോമസിനെ കരയ്ക്കെത്തിച്ചത്. കോസ്റ്റൽ പൊലീസിന്റെ സ്പീഡ് ബോട്ട് ഉണ്ടായിരുന്നെങ്കിൽ അരമണിക്കൂർ കൊണ്ട് കരയ്ക്കെത്തിച്ച് ജീവൻ രക്ഷിക്കാമായിരുന്നെന്നും മത്സ്യത്തൊഴിലാളികൾ പറഞ്ഞു.
കഴിഞ്ഞദിവസം രാവിലെ ആറോടെയാണ് കൊല്ലം പോർട്ട് ഹാർബറിൽ നിന്ന് തോമസ് ഉൾപ്പെട്ട മൂവർ സംഘം പോർട്ട് സ്വദേശിയായ ഷാജി ജോസഫിന്റെ തുമ്പോളിമാതാ എന്ന ബോട്ടിൽ മത്സ്യബന്ധനത്തിന് പോയത്. കരയിൽ നിന്ന് 30 കിലോമീറ്റർ ഉൾക്കടലിൽ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുമ്പോൾ ഇന്നലെ ഉച്ചയ്ക്ക് 11.40 ഓടെയാണ് തോമസിന് ഹൃദയാഘാതം ഉണ്ടായത്.
ഉടൻ വയർലസ് വഴി കോസ്റ്റൽ പൊലീസിനോട് സഹായം അഭ്യർത്ഥിച്ചെങ്കിലും ബോട്ടില്ലാത്തതിനാൽ എത്താൻ കഴിയില്ലെന്നായിരുന്നു മറുപടി. തുടർന്ന് അതേ ബോട്ടിൽ ഉച്ചയ്ക്ക് ഒന്നരയോടെയാണ് തോമസിനെ കരയ്ക്കെത്തിച്ചത്. ഉടൻ ആംബുലൻസിൽ കൊല്ലം ജില്ലാ ആശുപത്രിയിലെത്തിച്ചു. ജില്ലാ ആശുപത്രിയിൽ വച്ചാണ് മരണം സംഭവിച്ചത്. തോമസിന്റെ ഭാര്യ: മഞ്ചു. മക്കൾ: ടോണി, ടോമി.
രക്ഷാപ്രവർത്തനത്തിന് കോസ്റ്റൽ പൊലീസ് എത്തിയില്ലെന്നാരോപിച്ച് മത്സ്യത്തൊളിലാളികളുടെ നേതൃത്വത്തിൽ കൊല്ലം പോർട്ട് ഉപരോധിച്ചു.
ബോട്ട് പണിമുടക്കിയിട്ട് ആറുമാസം
കോസ്റ്റൽ പൊലീസിന്റെ പക്കൽ മൂന്ന് ബോട്ടുണ്ടെങ്കിലും പരിശേധനയും അറ്റകുറ്റപ്പണിയും നടത്താത്തതിനാൽ ആറ് മാസത്തിൽ കൂടുതലായി ബോട്ട് വെള്ളത്തിലിറങ്ങിയിട്ട്. ഇതിനാൽ കൃത്യ സമയത്ത് ഇടപെടാൻ കഴിഞ്ഞില്ല. കൊച്ചിൻ ഷിപ്പ് യാർഡാണ് ബോട്ടിന്റെ അറ്റകുറ്റപ്പണികൾക്കുള്ള കരാർ എടുത്തിക്കുന്നത്. കരാർ കാലാവധി കഴിഞ്ഞതോടെ ബോട്ട് ആരും തിരിഞ്ഞുനോക്കാത്ത അവസ്ഥയാണ്.