കൊല്ലം: ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ഫൈനൽ മത്സരമാ പ്രസിഡന്റ്സ് ട്രോഫി ജലോത്സവം 9ന് അഷ്ടമുടി കായലിൽ നടക്കും. ജലമാമാങ്കത്തിൽ ഒൻപത് ചുണ്ടൻ വള്ളങ്ങൾ മത്സരിക്കും. ഇതിനൊപ്പം ചെറുവള്ളങ്ങളുടെ മത്സരങ്ങളും ഉണ്ടാകും.
ജലമേള സ്പീക്കർ എ.എൻ.ഷംസീർ ഉദ്ഘാടനം ചെയ്യും. മുഖ്യാതിഥിയായി എയർ ഓഫീസർ കമാൻഡിംഗ് ഇൻ ചീഫ് ബാലകൃഷ്ണൻ മണികണ്ഠൻ പങ്കെടുക്കും.
വള്ളംകളിയുടെ പ്രചാരണാർത്ഥം കൊല്ലം ബോട്ട് ജെട്ടിക്ക് സമീപത്തെ വേദിയിൽ വിവിധ കലാ-സാംസ്‌കാരിക പരിപാടികൾ സംഘടിപ്പിക്കും.
8ന് എസ്.ബി.ഐയുടെ സഹകരണത്തിൽ കരുനാഗപ്പള്ളി മുതൽ കൊല്ലം ബോട്ടുജെട്ടിവരെ മാരത്തോൺ സംഘടിപ്പിക്കും. ഇന്ത്യൻ വ്യോമസേനയുടെ സാരംഗ് ഹെലികോപ്ടറുകളുടെ പ്രദർശനവും ഉണ്ടാകും.
മാരത്തോണിന് പുറമേ വടംവലി ഉൾപ്പെടെ നിരവധി കായിക വിനോദ പരിപാടികൾ ജലമേളയോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്. വഞ്ചിപ്പാട്ട് മത്സരത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾ 7ന് രാവിലെ 11ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 9446040546, 9847191791.