കുന്നത്തൂർ : വസ്തു തർക്കവുമായി ബന്ധപ്പെട്ട് അന്വേഷിക്കാനെത്തിയ ശൂരനാട് സി.ഐ സഹോദരങ്ങളെയും വൃദ്ധരായ മാതാപിതാക്കളെയും അകാരണമായി മർദ്ദിച്ചതായി പരാതി.
സഹോദരനെ മർദ്ദിക്കുന്നത് മൊബൈൽ ഫോണിൽ പകർത്തിയ സഹോദരിയുടെ കഴുത്തിൽ കുത്തിപ്പിടിക്കുകയും തടയാനെത്തിയ മാതാപിതാക്കളുടെ കൈ പിടിച്ചു തിരിക്കുകയും തള്ളിയിടുകയും ചെയ്തതായി പരാതിയിൽ പറയുന്നു. സംഭവ സമയം സി.ഐ യൂണിഫോമിൽ ആയിരുന്നില്ലെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
ശൂരനാട് വടക്ക് പടിഞ്ഞാറ്റ കിഴക്ക് കമലാലയത്തിൽ അരുന്ധതിയാണ് ശൂരനാട് എസ്.എച്ച്.ഒ ജോസഫ് ലിയോണിനെതിരെ കൊല്ലം റൂറൽ പൊലീസ് മേധാവിക്ക് പരാതി നൽകിയത്.
പരാതിയിൽ പറയുന്നത് ഇങ്ങനെ: ഡിസംബർ ഒന്നിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.രാവിലെ 9.15 ഓടെ മൂന്ന് പൊലീസുകാർ ഇവരുടെ വീട്ടിലെത്തി സി.ഐ വിളിക്കുന്നതായി അറിയിച്ച ശേഷം അല്പം ദൂരെയുള്ള കുടുംബ വസ്തുവിലേക്ക് തന്നെയും സഹോദരനെയും മാതാപിതാക്കളെയും കൂട്ടിക്കൊണ്ട് പോയി. ഇതിലേ പോകുന്ന വാഹനങ്ങൾ തടയുമോടാ എന്നാക്രോശിച്ചു സഹോദരനെ മർ്ദിച്ചു.
ഇവരും ശൂരനാട് തെക്ക് ഇരവിച്ചിറ നടുവിൽ സ്വദേശിയുമായി വസ്തു തർക്കവുമായി ബന്ധപ്പെട്ട് ശാസ്താംകോട്ട മുൻസിഫ് കോടതിയിൽ കേസ് നിലവിലുണ്ട്.ഇത് അറിയിച്ചെങ്കിലും സി.ഐ പരാക്രമം തുടരുകയായിരുന്നുവത്രേ.
സംഭവം സഹോദരി ഫോണിൽ പകർത്തുന്നത് കണ്ട് ഫോൺ പിടിച്ചു വാങ്ങാൻ സി.ഐ ശ്രമിക്കുന്നതിനിടെ കൈ പിടിച്ച് തിരിക്കുകയും കഴുത്തിന് കുത്തിപ്പിടിച്ച് ഉപദ്രവിക്കുകയും ചെയ്തു.
ഫോണും തകർത്തു. ഈ സമയം തടസം പിടിക്കാനെത്തിയ രോഗികളായ മാതാപിതാക്കൾക്കും മർദ്ദനമേറ്റു. സഹോദരനെ പിന്നീട് സ്റ്റേഷനിലേക്ക് കൊണ്ടുപോയി കേസ് എടുക്കുകയും ചെയ്തു.
അരുന്ധതി ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.