2 കോടി അനുവദിച്ചു
സ്ഥലം കണ്ടെത്തി
കൊല്ലം : കഥകളി പിറന്ന മണ്ണ് കഥകളി പഠിപ്പിക്കാൻ സംവിധാനമൊരുക്കും. സംസ്ഥാന ബഡ്ജറ്റിൽ അവതരിപ്പിച്ച കഥകളി പഠന കേന്ദ്രം കൊട്ടാരക്കരയിൽ ഉടൻ യാഥാർത്ഥ്യമാകും. കഥകളി പഠന കേന്ദ്രത്തിനായി 2 കോടി രൂപയാണ് സംസ്ഥാന ബഡ്ജറ്റിലൂടെ അനുവദിച്ചത്. സ്ഥലം കണ്ടെത്താനുള്ള കാലതാമസമുണ്ടായിരുന്നു. വാട്ടർ അതോറിട്ടി ഓഫീസിന് സമീപത്തായി നഗരസഭയുടെ ഉടമസ്ഥതയിലുള്ള 20 സെന്റ് ഭൂമി ഇതിനായി വിട്ടുനൽകാനാണ് ധാരണയായിട്ടുള്ളത്. മഹിളാ സമാജം ഓഫീസ് പ്രവർത്തിച്ചതുമായി ബന്ധപ്പെട്ട് നേരത്തെ ഇവിടെ ചില നിയമകുരുക്കുകൾ ഉണ്ടായിരുന്നു. എല്ലാം പരിഹരിച്ചാണ് സ്ഥലം നഗരസഭ ഏറ്റെടുത്തത്.
തമ്പുരാന്റെ പേരിൽ തുടങ്ങും
രാമനാട്ടക്കാരൻ കൊട്ടാരക്കര തമ്പുരാന്റെ പേരിലാണ് കൊട്ടാരക്കരയിൽ കഥകളി പഠന കേന്ദ്രം നിർമ്മിക്കുക. കലാമണ്ഡലത്തിന്റെ രീതിയിൽ പാരമ്പര്യ രീതിയിലുള്ള കഥകളി പഠനം, അവതരണം, ചുട്ടികുത്ത്, കഥകളിയുമായി ബന്ധപ്പെട്ട ഗവേഷണം എന്നിവയാണ് പഠനകേന്ദ്രത്തിൽ ഉൾക്കൊള്ളിക്കുക. കഥകളിയെ അറിയാൻ വിദേശ രാജ്യങ്ങളിൽ നിന്നടക്കം ആളുകളെത്താൻ സാദ്ധ്യതയുള്ളതിനാൽ താമസ സൗകര്യമടക്കം അനുബന്ധ പ്രവർത്തനങ്ങളും ഒരുക്കേണ്ടിവരും.
കൊട്ടാരക്കര തമ്പുരാന്റെ പേരിൽ കഥകളി പഠന കേന്ദ്രം ഉടൻ യാഥാർത്ഥ്യമാക്കും. രണ്ട് കോടി രൂപ നേരത്തേതന്നെ അനുവദിച്ചിരുന്നു. കാലതാമസമില്ലാതെ നിർമ്മാണം തുടങ്ങും. കഥകളിയെ അറിയാൻ താത്പര്യമുള്ളവർക്ക് വലിയതോതിൽ പ്രയോജനപ്പെടും. വിദേശികളടക്കം ഇവിടേക്ക് എത്താനുള്ള സാഹചര്യം ഒരുക്കും. കെ.എൻ.ബാലഗോപാൽ, മന്ത്രി