കുളത്തൂപ്പുഴ : കാടിറങ്ങി ജനവാസമേഖലയിലെത്തിയ കാട്ടുപന്നിക്കൂട്ടം വ്യാപകമായി കൃഷി നാശം വരുത്തി. കുളത്തൂപ്പുഴ വില്ലുമല ആദിവാസി കോളനി എം.എം ഹൗസിൽ തുളസീധരൻ കാണിയുടെ കൃഷിയിടത്തിലാണ് കഴിഞ്ഞ രാത്രിയിൽ കാട്ടുപന്നിക്കൂട്ടം താണ്ഡവമാടിയത്. 16 കുലച്ച ഏത്തവാഴകളും 120 കുലക്കാത്ത വിവിധ ഇനത്തിൽ പെട്ട വാഴത്തൈകളും 60 മൂട് ചേമ്പും 54 മൂട് കാച്ചിലുമാണ് ഒറ്റ രാത്രി കൊണ്ട് കാട്ടു പന്നികൾ നാമാവശേഷമാക്കിയത്. പന്നികളെ കൂടാതെ മ്ലാവും മയിലും മലയണ്ണാനുകളും കുരങ്ങൻമാരും ജനവാസമേഖലയിലെത്തി ശല്യമുണ്ടാക്കുന്നുണ്ട്. മൂന്നു മാസത്തിനുള്ളിൽ വിളവെടുക്കാൻ പ്രായമായ ഏത്തവാഴകളാണ് കാട്ടുപന്നിക്കൂട്ടം നശിപ്പിച്ചത്.
നോക്കുകുത്തിയായി സൗരോർജ്ജ വേലി
ഏറെ നാൾ മുമ്പ് വനം വകുപ്പ് കോളനിക്ക് ചുറ്റുമായി ലക്ഷങ്ങൾ മുടക്കി സൗരോർജ്ജ വേലി സ്ഥാപിച്ചുവെങ്കിലും തുടർ സംരക്ഷണത്തിനും അറ്റകുറ്റ പണികൾക്കും വകുപ്പ് വിസമ്മതിച്ചതോടെ വേലി ഉപകാരപ്പെട്ടില്ല. കർഷകർ തങ്ങളുടെ കൃഷി സംരക്ഷിക്കുന്നതിനായി തകരഷീറ്റും പ്ലാസ്റ്റിക് ഷീറ്റും മറ്റും ഉപയോഗിച്ച് വേലികൾ നിർമ്മിച്ചിട്ടുണ്ടെങ്കിലും ഇവയൊന്നും കാട്ടുമൃഗങ്ങൾക്ക് തടസമാകില്ല. കൂട്ടമായി എത്തുന്ന കാട്ടുമൃഗങ്ങൾ ഇത്തരം വേലികൾ നിഷ്പ്രയാസം മറികടന്നാണ് കൃഷിയിടത്തിലെത്തുന്നത്.
പതിനായിരങ്ങൾ മുടക്കി സൗരോർജ്ജ വേലി കെട്ടുന്നതിനുള്ള സാമ്പത്തിക ശേഷിയില്ല. കൃഷി തന്നെ പലരിൽ നിന്നും കടം വാങ്ങിയാണ് ചെയ്യുന്നത്. നിരന്തരമുണ്ടാകുന്ന കാട്ടുമൃഗങ്ങളുടെ ആക്രമണങ്ങൾ തങ്ങളെ പ്രതിസന്ധിയിലാക്കുന്നു.
കർഷകർ