maliyekan-
മാളിയേക്കൽ റെയിൽവേ മേല്പാലത്തിൻ്റെ അപ്രോച്ച് റോഡ് നിർമ്മാണത്തിനുള്ള പാർശ്വഭിത്തിക്ക് അടിത്തറ ഇട്ടപ്പോൾ

തൊടിയൂർ: മാളിയേക്കൽ മേല്പാലത്തിന്റെ അപ്രാച്ച് റോഡ് നിർമ്മാണത്തിനുള്ള അരിക് ഭിത്തിയുടെ നിർമ്മാണം ആരംഭിച്ചു. പാലത്തിന്റെ വടക്ക് ഭാഗത്തെ സൈഡ് വാൾ നിർമ്മാണം മാസങ്ങൾക്ക് മുമ്പ് പൂർത്തീകരിച്ചിരുന്നു. എന്നാൽ തെക്ക് വശത്തെ ഭിത്തി നിർമ്മാണം ഇതോടൊപ്പം നടന്നില്ല. റെയിൽവേ ലൈനിന് മീതേ 52 മീറ്റർ മേല്പാലത്തിന്റെ നിർമ്മാണത്തിനാവശ്യമായ ഗർഡറുകളും കൂറ്റൻ ക്രെയിനുകളും മറ്റു സാമഗ്രികളും കൊണ്ടു പോകുന്നതിന് തടസമാകുമെന്ന കാരണത്താൽ റെയിൽവേ അധികൃതർ ഇടപെട്ട് തെക്ക് വശത്തെ പാർശ്വഭിത്തി നിർമ്മാണം നിറുത്തിവയ്പിക്കുകയായിരുന്നു. ലൈനിന് മീതേയുള്ള ഗർഡറുകളും മറ്റും സ്ഥാപിച്ചു കഴിഞ്ഞതോടെ സൈഡ് വാൾ നിർമ്മാണം പുനരാരംഭിച്ചു.പാലത്തിന്റെ കിഴക്കും പടിഞ്ഞാറും ഭാഗങ്ങളിൽ ഇതിന്റെ നിർമ്മാണം നടന്നു വരുന്നു.ഓടകൾ സർവീസ് റോഡുകൾ തുടങ്ങിയവയുടെ പണികളും പൂർത്തിയാക്കേണ്ടതുണ്ട്. ഇവയെല്ലാം സമയബന്ധിതമായി നടന്നാൽ മാത്രമേ മാർച്ചിൽ മേല്പാലം ഗതാഗതത്തിന് തുറന്നു കൊടുക്കും എന്ന അധികൃതരുടെ പ്രഖ്യാപനം യാഥാർത്ഥ്യമാകുകയുള്ളു.