k
ഇടതു നിന്നും അനന്തവിക്രമൻ, സജീവ് , കണ്ണൻ എന്ന് വിളിക്കുന്ന അജിൻ, സായിപ്പ് എന്ന് വിളിക്കുന്ന സനൂജ്.

ചാത്തന്നൂർ: ഓയൂരിലെ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി പത്മകുമാറിന്റെ ഫാമിലെ ജീവനക്കാരി ഷീബയുടെ ഭർത്താവി​നെയും അനുജനെയും അക്രമിച്ച കേസിലെ പ്രതികളെ പരവൂർ പൊലീസ് അറസ്റ്റ് ചെയ്തു. കാരംകോട് ചരുവിള പുത്തൻവീട്ടിൽ അനന്തവിക്രമൻ (31), ചാത്തന്നൂർ ഏറം താന്നിവിള വീട്ടിൽ സജീവ് (39), കാരംകോട് കല്ലുവിള വീട്ടിൽ അജിൻ (കണ്ണൻ-30), കാരംകോട് സനൂജ് മനസി​ലിൽ സനൂജ് (സായി​പ്പ്-31) എന്നിവരെ വാഹനം ഉൾപ്പെടെ ചിറക്കര ഭാഗത്ത് നിന്നാണ് പരവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ ഇവർക്ക് പത്മകുമാറിന്റെ കേസുമായി യാതൊരു ബന്ധവുവില്ലെന്ന് പൊലീസ് പറയുന്നു.

കഴിഞ്ഞദിവസം രാത്രി 8.30 ഓടെ പോളച്ചിറ തെങ്ങുവിള റോഡിലായിരുന്നു സംഭവം. പോളച്ചിറ തെങ്ങുവിള അരുണോദയത്തിൽ ഷാജിയും സഹോദരൻ പോളച്ചിറ കുന്നുവിളയിൽ ബിജുവും ജോലി കഴിഞ്ഞ് ബൈക്കിൽ ഷാജിയെ വീടി​ന് സമീപം ഇറക്കാൻ വേണ്ടി ബൈക്ക് നിറുത്തിയപ്പോൾ പിന്നാലെ വന്ന ഓട്ടോയിൽ എത്തിയ നാലംഗ സംഘമാണ് ആക്രമിച്ചത്.

നിലവിളികേട്ട് നാട്ടുകാർ ഓടിക്കൂടിയപ്പോഴേക്കും അക്രമിസംഘം ഓട്ടോയിൽ രക്ഷപ്പെട്ടു. പരിസരവാസികൾ ഉടൻ ഇരുവരെയും നെടുങ്ങോലം ആശുപത്രിയിലും തുടർന്ന് പാരിപ്പള്ളി മെഡി. ആശുപത്രി​യി​ലും പ്രവേശിപ്പിച്ചു. പരവൂർ പൊലീസ് എത്തി സമീപപ്രദേശങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ ഓട്ടോയുടെ നമ്പർ ലഭിച്ചു. തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതി​കൾ പി​ടി​​യി​ലായത്.

സി.ഐ എ.നിസാർ, എസ്.ഐ സുജിത്ത് ജി.നായർ, എസ്.ഐ ബിജു, എസ്.സി.പി.ഒ നെൽസൺ, സി.പി.ഒ എ. അജേഷ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.