ഒൻപത് ഉദ്യോഗസ്ഥർക്ക് പരിക്ക്; മൂന്ന് പ്രതികൾ പിടിയിൽ
കൊല്ലം: കൊല്ലം ബീച്ചിന് സമീപം പരിശോധനയ്ക്കെത്തിയ എക്‌സൈസ് സംഘത്തിന് നേരേ ലഹരിമാഫിയയുടെ ആക്രമണത്തിൽ ഒൻപത് എക്‌സൈസ് ഉദ്യോഗസ്ഥർക്ക് ഗുരുതര പരിക്ക്.
മൂന്ന് പേർ കസ്റ്റഡിയിൽ. ഇന്നലെ ഉച്ചയ്ക്ക് 12.45ന് പോർട്ട് -തങ്കശേരി റോഡിന് സമീപത്താണ് സംഭവം. എക്‌സൈസ് ഇൻസ്‌പെക്ടർ വിഷ്ണു, പ്രിവന്റീവ് ഓഫീസർ പ്രസാദ് കുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ശ്രീനാഥ്, നിതിൻ, അജിത്ത്, ജൂലിയൻക്രൂസ്, ഗോപൻ, സൂരജ്, എക്‌സൈസ് ഡ്രൈവർ സുഭാഷ് എന്നിവർക്കാണ് മർദ്ദനമേറ്റത്.
ബീച്ചിന് സമീപത്തുള്ള വെടിക്കുന്ന് ഭാഗത്ത് വട്ടുംമൂട് സ്വദേശികളായ പാക്കരൻ എന്നറിയപ്പെടുന്ന സുജിത്ത്, ലാറ എന്നിവരുടെ നേതൃത്വത്തിലുള്ള ഒൻപതംഗ സംഘമാണ് ഉദ്യോഗസ്ഥരെ മാരകമായി ആക്രമിച്ചത്. സംഭവസ്ഥലത്ത് നിന്ന് രണ്ടാം പ്രതി പാക്കരൻ സുജിത്ത്, പ്രദേശവാസികളായ അജിത്ത്, ലെനിൻബോസ്‌കോ എന്നിവരെ എക്‌സൈസ് പിടികൂടി.
എക്‌സൈസ് പറയുന്നത്: വെടിക്കുന്ന് നേതാജി നഗറിലെ ബീച്ച് കേന്ദ്രീകരിച്ച് ലഹരി ഗുളികകൾ വിൽപ്പന നടത്തുന്നതായി എക്‌സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്ഥലത്ത് പരിശോധനയ്ക്കായി എത്തിയതായുന്നു എക്‌സൈസ് സംഘം.
പരിശോധനയിൽ ഇവിടെ നിന്ന് 45 നൈട്രാസെപ്പാം ഗുളികകളും ടൈഡോൾ ഉൾപ്പെടെയുള്ള ലഹരി ഗുളികകളും കണ്ടെത്തി. തുടർന്ന് ഇതുമായി ബന്ധപ്പെട്ട രേഖകൾ തയ്യാറാക്കുന്നതിനിടയിൽ സുജിത്തും ലാറയും ചേർന്ന് കൂടുതൽ പേരേ സ്ഥലത്തേക്ക് വിളിച്ചുവരുത്തുകയും ഉദ്യോഗസ്ഥരെ അക്രമിക്കുകയുമായിരുന്നു.
അക്രമണത്തിനിടയിൽ ലാറ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്തു. ഇഷ്ടിക, സിമന്റ് കട്ട, ഇടിവള, തടികഷണം എന്നിവ ഉപയോഗിച്ചാണ് അക്രമിച്ചത്. അക്രമത്തിൽ സിവിൽ എക്‌സൈസ് ഓഫീസറുടെ കൈ ഒടിഞ്ഞു. മറ്റുള്ളവരുടെ തലയ്ക്കും മുഖത്തുമാണ് പരിക്കേറ്റത്.
തുടർന്ന് വിവരം കൺട്രോൾ റൂമിൽ അറിയിച്ചതനുസരിച്ച് പൊലീസും കൂടുതൽ എക്‌സൈസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ഈ സമയം ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളിൽ മൂന്നുപേരെ എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തു.
ഒന്നാം പ്രതി ലാറയ്ക്കും മറ്റ് കണ്ടാലറിയാവുന്ന പ്രതികൾക്കെതിരെയും ഈസ്റ്റ് പൊലീസും എക്‌സൈസും അന്വേഷണം ആരംഭിച്ചു. പരിക്കേറ്റ ഉദ്യോഗസ്ഥർ ജില്ലാ ആശുപത്രിയിൽ ചികിത്സതേടി.
എക്‌സൈസ് സംഘം ഈസ്റ്റ് പൊലീസിൽ പരാതി നൽകി. പിടികൂടിയ പ്രതികളെ ഈസ്റ്റ് പൊലീസിന് കൈമാറും. സംഭവത്തിൽ ഒൻപത് പേർക്കെതിരെ കേസെടുത്തു. രണ്ട് പേർക്കെതിരെ എൻ.ഡി.പി.എസ് നിയമപ്രകാരവും ഏഴ് പേർക്കെതിരെ ഉദ്യോഗസ്ഥരുടെ കൃത്യ നിർവഹണം തടസപ്പെടുത്തിയതിനുമാണ് കേസ്.
പ്രതികൾ സ്ഥിരം പ്രശ്‌നക്കാർ
ബീച്ചിൽ വച്ച് എക്‌സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിലെ പ്രതികളായ വെടിക്കുന്ന് ഭാഗത്ത് വട്ടും മൂട് സ്വദേശികളായ പാക്കരൻ സുജിത്ത്, ലാറ എന്നിവർ സ്ഥിരം പ്രശ്‌നക്കാരാണെന്ന് എകസൈസ്.
ഇവർ നിരവധി തവണ ലഹരി ഗുളികകളുമായും സിന്തറ്റിക് ലഹരികളുമായി നിരവധി കേസുകളുമായി പിടിയിലായിട്ടുണ്ടെന്നും എക്‌സൈസ് അധികൃതർ പറഞ്ഞു. ബീച്ച് കേന്ദ്രീകരിച്ച ഇക്കൂട്ടർ വൻലഹരിക്കച്ചവടമാണ് നടത്തുന്നതെന്നും ഭീഷണി ഭയന്ന് നാട്ടുകാർ ഉൾപ്പെടെ വിവരം പുറത്തു പറയാറില്ല.