കൊല്ലം: കൊല്ലം ബീച്ചിന് സമീപം പരിശോധനയ്ക്കെത്തിയ എക്സൈസ് സംഘത്തിനെ അക്രമിച്ച സംഭവത്തിൽ എക്‌സൈസിന്റെ പിടിയിലായ യുവാവിനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് മാതാവ് എക്‌സൈസ് ഓഫീസിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
ഇന്നലെ രാത്രി 9.45നാണ് സംഭവം. മകൻ നിരപരാധിയാണെന്നും ആക്രമണത്തിൽ പങ്കില്ലെന്നും എക്‌സൈസ് ഉദ്യോഗസ്ഥർ ബോധപൂർവം മകനെ പിടികൂടുകയായിരുന്നുവെന്നും പോർട്ട് റോഡ് സ്വദേശിയായ ഇവർ പറഞ്ഞു.
അരമണിക്കുറോളം ചിന്നക്കടയിലെ എക്‌സൈസ് ഓഫീസിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച ശേഷം ബന്ധുക്കളെത്തി കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. ഈസ്റ്റ് പൊലീസും സ്ഥലത്തെത്തിയിരുന്നു.