
കൈയിൽ അഞ്ച് ആറും കേസുകൾ. തലയിൽ എണ്ണമില്ലാത്ത പ്രതികളുടെ രൂപങ്ങൾ. മുന്നിലും പിന്നിലും കണ്ണുമായി പാച്ചിലാണ് കൊല്ലം കമ്മിഷണറുടെ പ്രത്യേക സംഘം, കൊല്ലം സ്ക്വാഡ്. വീറിലും സർവീസ് ഹിസ്റ്ററിയിലും കണ്ണൂർ സ്ക്വാഡിനൊപ്പം നിൽക്കുന്നവർ. എന്തു ടാസ്ക് ഏൽപ്പിച്ചാലും ദിവസങ്ങൾക്കുള്ളിൽ പ്രതികളെ മുന്നിൽ കൊണ്ടു നിറുത്തുന്ന കമ്മിഷണറുടെ പുലിക്കുട്ടികൾ.
പല രൂപത്തിൽ, പല ഭാവത്തിൽ കൊല്ലം സ്ക്വാഡ് നാടാകെ കറങ്ങിനടക്കും. അങ്ങനെ കറങ്ങുന്നതിനിടയിൽ നവംബർ 27നു വൈകിട്ട് അഞ്ചുമണിയോടെ പൂയപ്പള്ളിയിൽ നിന്ന് ആറുവയസുകാരിയെ സ്വിഫ്ട് ഡിസയർ കാറിൽ തട്ടിക്കൊണ്ടുപോയ സംഭവം നാടാകെ പരന്നു. പ്രതികൾ കല്ലുവാതുക്കൽ ചിറക്കര ഭാഗത്തേക്കാണ് സഞ്ചരിക്കുന്നത്. രാത്രി ഏഴരയോടെ ആറുവയസുകാരിയുടെ അമ്മയുടെ ഫോണിലേക്ക്, പത്തുലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടുള്ള ഫോൺ വിളി എത്തുന്നു.
കൊല്ലം സ്ക്വാഡും സ്വിഫ്ട് കാറിനായി തെരച്ചിൽ തുടങ്ങി. തൊട്ടടുത്ത ദിവസം ഉച്ചയ്ക്ക് ആശ്രാമത്തുനിന്ന് കുട്ടിയെ കണ്ടെത്തിയതിനു പിന്നാലെ കമ്മിഷണർ കൊല്ലം സ്ക്വാഡിനെ വിളിച്ചുവരുത്തി- 'പ്രതികളെ എത്രയും വേഗം പിടികൂടണം." കൊല്ലം ഈസ്റ്റ് സി.ഐ അനിൽകുമാർ, കരുനാഗപ്പള്ളി സി.ഐ ബിജുകുമാർ, കൊല്ലം ഈസ്റ്റ് എസ്.ഐ വിഷ്ണു, ശക്തികുളങ്ങര എസ്.ഐ ആശ എന്നിവരെക്കൂടി ടീമിൽ ഉൾപ്പെടുത്തി പ്രത്യേക സംഘം രൂപീകരിച്ചു. കമ്മിഷണർക്കു പുറമേ ഏതാനും ദിവസം മുൻപ് എസ്.പിയായി സ്ഥാനക്കയറ്റം ലഭിച്ച മുൻ അഡിഷണൽ എസ്.പി സോണി ഉമ്മൻ കോശിയും കൊല്ലം എ.സി.പി പ്രദീപ്കുമാറും അന്വേഷണം ഏകോപിപ്പിച്ചു.
ഉറക്കമില്ലാത്ത
രാപകലുകൾ
ലിങ്ക് റോഡിലെയും ആശ്രാമത്തെയും നിരീക്ഷണ ക്യാമറകളിലെ ദൃശ്യങ്ങൾ ശേഖരിച്ചു. രാത്രിയിൽ കൺട്രോൾ റൂമിൽ ഉറക്കമിളച്ചിരുന്ന് ദൃശ്യങ്ങൾ പരിശോധിച്ചു. ലിങ്ക് റോഡിലെ ക്യാമറകളിൽ ഒരു സ്ത്രീ കുഞ്ഞുമായി നടക്കുന്ന ദൃശ്യങ്ങൾ, അശ്വതി ബാറിലെ ക്യാമറയിൽ കുഞ്ഞിനെ ഉപേക്ഷിച്ച് നടന്നുപോകുന്ന ദൃശ്യങ്ങൾ. ഒന്നിലും മുഖം വ്യക്തമല്ല. പെട്ടെന്നൊരു നീല കാർ ശ്രദ്ധയിൽപ്പെട്ടു. ഉച്ചയ്ക്ക് 12.30-നും ഒന്നിനുമിടയിൽ നീല കാർ മൈതാനത്തിനു ചുറ്റും പലതവണ കറങ്ങുന്നു. പക്ഷേ  നമ്പർ വ്യക്തമല്ല.
ഇതിനൊപ്പം, മോചനദ്രവ്യം ആവശ്യപ്പെട്ടുള്ള ഫോൺകാളിലെ ശബ്ദത്തിനു പിന്നാലെയും യാത്ര തുടങ്ങി. കരുനാഗപ്പള്ളിയിലും ആലപ്പുഴയിലും പോയി. ഒരു പിടിവള്ളിയും കിട്ടിയില്ല. വീണ്ടും ആശ്രാമത്തെയും പരിസരത്തെയും കൂടുതൽ ക്യാമറകൾ പരിശോധിച്ചിട്ടും ആറുവയസുകാരിയെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചു കടന്ന മഞ്ഞ ചുരിദാറുകാരിയുടെ പൊടി പോലുമില്ല. രേഖാചിത്രത്തോട് സാമ്യമുണ്ടെന്നുള്ള രഹസ്യ വിവരം ലഭിച്ച നിരവധി പേരുടെ വീടുകളിലെത്തി അന്വേഷിച്ചെങ്കിലും നിരാശരായി മടങ്ങി.
ആ സന്ദേശത്തിലെ
ശബ്ദത്തിനു പുറകെ
നവംബർ 30നു വൈകിട്ട്, നേരത്തേ കണ്ണനല്ലൂരിൽ സി.ഐ ആയിരുന്ന ഇപ്പോഴത്തെ അയിരൂർ സി.ഐ വിപിൻകുമാറിന് നിർണായകമായൊരു വിവരം കിട്ടി. കണ്ണനല്ലൂരിലെ കോൺഗ്രസ് നേതാവ് അയച്ചുകൊടുത്ത വോയ്സ് മെസ്സേജ്. ചാത്തന്നൂർ സ്വദേശി അനിതകുമാരി സുഹൃത്തായ സ്ത്രീയോട് പത്തുലക്ഷം കടമായി ആവശ്യപ്പെടുന്നു. മോചനദ്രവ്യം ആവശ്യപ്പെട്ടുള്ള ഫോൺവിളിയിലെ അതേ ശബ്ദം. ഉടൻ ശബ്ദത്തിന്റെ ഉടമയായ ചാത്തന്നൂർ മാമ്പള്ളിക്കുന്നത്തെ അനിതകുമാരിയുടെ വീട്ടിലെത്തി.
ഗേറ്റ് പൂട്ടിയിരുന്നു. മതി ചാടിക്കടന്നു. വീടിനു മുന്നിൽ ഒരു വെള്ള സ്വിഫ്ട് കാർ. പക്ഷേ നമ്പർ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാറിന്റേതല്ല. വീടും പൂട്ടി എല്ലാവരും പുറത്തു പോയിരിക്കുകയാണ്. കാറിന്റെ നമ്പറിൽ നിന്ന് ഉടമയുടെ ഫോൺ നമ്പരെടുത്തു. ഫോൺ വിളി രേഖകൾ പരിശോധിച്ചപ്പോൾ കുട്ടിയെ തട്ടിക്കൊണ്ടുപോയ ദിവസം ഫോൺ ചാത്തന്നൂർ ലൊക്കേഷനിൽ. എന്നാൽ കുട്ടിയെ ഉപേക്ഷിച്ച തൊട്ടടുത്ത ദിവസം ഉച്ചയ്ക്ക് കൊല്ലത്തേക്ക് സഞ്ചരിച്ചിരിക്കുന്നു. ഇതോടെ വീടിന്റെ ഉടമസ്ഥനായ പത്മകുമാറും ഭാര്യ അനിതകുമാരിയും തന്നെയാണ് സംഭവത്തിനു പിന്നിലെന്ന് ഏകദേശം സ്ഥിരീകരിച്ചു. പക്ഷേ സംഘം വീട്ടിൽ എത്തുന്നതിന് മണിക്കൂറുകൾക്ക്  മുൻപേ ഫോൺ സ്വിച്ച് ഓഫായിരിക്കുന്നു. അന്നു രാത്രി കൊല്ലം സ്ക്വാഡ് ചാത്തന്നൂരിൽ കറങ്ങിനടന്ന് പത്മകുമാറിനെക്കുറിച്ചുള്ള വിവരങ്ങൾ തെരഞ്ഞു. ഇതിനിടെ പത്മകുമാറിന്റെ മറ്റൊരു നമ്പർ ലഭിച്ചു. ആ നമ്പരിന്റെ ടവർ ലൊക്കേഷൻ തമിഴ്നാട് തെങ്കാശിയിലും. ഈ ഫോൺ നമ്പർ ഉടമയ്ക്ക് മറ്റൊരു കാർ കൂടിയുണ്ടെന്ന വിവരം കിട്ടി. നീല നിറമുള്ള ഹ്യുണ്ടായ് എലാൻട്ര. കുട്ടിയെ ഉപേക്ഷിച്ച ദിവസം ആശ്രാമത്ത് പലതവണ കണ്ടതും ഇതേ നീല കാർ. പത്മകുമാറും ഭാര്യയും തന്നെയാണ് സംഭവത്തിനു പിന്നിലെന്ന് സ്ഥിരീകരിച്ചതോടെ ഉന്നത ഉദ്യോഗസ്ഥർ അവരെ പിടികൂടാൻ തമിഴ്നാട്ടിലേക്ക് പോകാനുള്ള സംഘത്തെക്കുറിച്ചുള്ള ആലോചനകൾ തുടങ്ങി. വൈകാതെ കമ്മിഷണറുടെ പുലിക്കുട്ടികളിലേക്കെത്തി.
പ്രതികളെ തേടി
തമിഴ്നാട്ടിലേക്ക്
പിറ്റേന്ന്, ഡിസംബർ ഒന്നിനു രാവിലെ പത്തുമണിക്ക് കരുനാഗപ്പള്ളി സി.ഐ ബിജുകുമാർ, ശക്തികുളങ്ങര എസ്.ഐ ആശ, കൊല്ലം സ്ക്വാഡിലെ എസ്.ഐമാരായ കണ്ണൻ, ബൈജു പി ജെറോം, സിനീയർ സി.പി.ഒമാരായ സജു, സീനു, മനു, രതീഷ്, രാജീവ്, ഹാഷിംഗ്, അബുതാഹിർ എന്നിവരടങ്ങിയ കൊല്ലം സ്ക്വാഡ് രണ്ടു വാഹനങ്ങളിലായി തെങ്കാശിയിലേക്ക്. തമിഴ്നാട് അതിർത്തി പിന്നിട്ടപ്പോൾ പത്മകുമാറിന്റെ ടവർ ലൊക്കേഷൻ മാറി. സൈബർ സെൽ പറയുന്ന ലൊക്കേഷൻ വിജനമായ പ്രദേശങ്ങളാണ്, ആരോട് ചോദിക്കും, എവിടെ അന്വേഷിക്കും. ഒരു പിടിയുമില്ല.
ഉച്ചയോടെ പത്മകുമാർ പുളിയറൈയിലുണ്ടെന്ന് സൈബർ സെൽ വിവരം നൽകി. അവിടെയെത്തി കൊല്ലം സ്ക്വാഡ് കടകളും ഹോട്ടലുകളും ലോഡ്ജുകളും കയറിയിറങ്ങി. അതിനിടയിൽ തങ്ങൾ തേടി വന്ന നീല എലാൻട്ര കാർ ഒരു ഹോട്ടലിനു മുന്നിൽ കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. കൊല്ലം സ്ക്വാഡ് ഹോട്ടൽ വളയാൻ ഒരുങ്ങി. അപ്പോൾ രേഖാചിത്രത്തോട് സാമ്യമുള്ള ഒരാൾ ഹോട്ടലിൽ നിന്ന് ഇറങ്ങിവരുന്നു. ഒപ്പം രണ്ട് സ്ത്രീകൾ. കുട്ടിയുടെ മൊഴിയനുസരിച്ച് 'അവർ ഒരു അങ്കിളും രണ്ട് ആന്റിമാരുമായിരുന്നു."
പത്മകുമാറും കുടുംബവും കാറിൽ കയറുന്നതിനിടെ കൊല്ലം സ്ക്വാഡ് വളഞ്ഞു. പൂയപ്പള്ളിയിൽ നിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയവരെ തേടിവന്നതാണെന്ന് പറഞ്ഞതോടെ പത്മകുമാർ പൊട്ടിത്തെറിച്ചു. നിങ്ങൾക്ക് ഒരു പ്രതിയെയാണ് വേണ്ടതെങ്കിൽ എന്നെ പിടിച്ചോളൂ. താൻ രണ്ടര ലക്ഷം രൂപയ്ക്ക് തെങ്കാശിയിലുള്ള നവാസിന്റെ ഫാം പാട്ടത്തിനെടുത്തിട്ടുണ്ടെന്നും, അവിടെ ഇടയ്ക്കിടെയെത്തി ആഴ്ചകളോളം തങ്ങാറുണ്ടെന്നും ഇപ്പോഴും അങ്ങനെ വന്നതാണെന്നും പറഞ്ഞു. സ്ക്വാഡ് നവാസിനെ വിളിച്ചുവരുത്തി. നവാസ് പത്മകുമാറിന്റെ നുണക്കഥ പൊളിച്ചു. പത്മകുമാർ ഇടയ്ക്കിടെ വരാറുണ്ടെങ്കിലും അന്നുതന്നെ മടങ്ങുമെന്ന് വെളിപ്പെടുത്തി.
പത്മകുമാറിന്റെ ഫോൺ പരിശോധിച്ചപ്പോൾ കുട്ടിയെ തട്ടിക്കൊണ്ടുപോയ കാറിൽ പതിച്ചിരുന്ന നമ്പരിലുള്ള മറ്റൊരു സ്വിഫ്ട് കാറിന്റെ ചിത്രം. ഒ.എൽ.എക്സിൽ വിൽക്കാനിട്ടിരുന്ന ഈ കാറിന്റെ നമ്പർ വ്യാജമായി നിർമ്മിച്ചാണ് തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാറിൽ പതിച്ചത്. ഇത് ചൂണ്ടിക്കാട്ടിയതോടെ പത്മകുമാർ മുട്ടുമടക്കി. എങ്ങനെയും രക്ഷിക്കണമെന്നു പറഞ്ഞ് കാലുപിടിക്കാൻ തുടങ്ങി. കുറച്ചുകാലം തമിഴ്നാട്ടിൽ തങ്ങനാണ് പത്മകുമാറും കുടുംബവും പുറപ്പെട്ടത്. അഞ്ച് ബാഗുകൾ കാറിലുണ്ടായിരുന്നു. ഒരു ബാഗിൽ നിന്ന് മകൾ അനുപമയുടെ ലാപ്ടോപ്പ് കിട്ടി. സെർച്ച് ഹിസ്റ്ററി പരിശോധിച്ചപ്പോൾ കുട്ടിയെ തട്ടിക്കൊണ്ടുപോയ രാത്രി യൂട്യൂബിൽ ടോം ആൻഡ് ജെറി തെരഞ്ഞിരിക്കുന്നു. ആറുയവസുകാരിക്ക് അന്നുരാത്രി ടോം ആൻഡ് ജെറി കാണിച്ചുകൊടുത്ത ആന്റി അനുപമയാണെന്ന കാര്യവും സ്ഥിരീകരിച്ചു. കൊല്ലം സ്ക്വാഡ് പ്രതികളുമായി കേരള അതിർത്തി പിന്നിട്ടതിനു പിന്നാലെ മാദ്ധ്യമങ്ങളിൽ വാർത്ത പരന്നു. 'നാടാകെ തെരഞ്ഞ പ്രതികൾ പിടിയിൽ. ഓയൂരിൽ നിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയത് ചാത്തന്നൂരിലുള്ള മൂന്നംഗ കുടുംബം. പ്രതികൾ തമിഴ്നാട് പുളിയറൈയിൽ നിന്നും കൊല്ലം സിറ്റി പൊലീസ് കമ്മിഷണറുടെ സ്ക്വാഡിന്റെ പിടിയിൽ. രാത്രി ഏഴു മണിയോടെ പ്രതികളെ അടൂർ ബറ്റാലിയൻ ക്യാമ്പലെത്തിച്ച് ഉന്നത ഉദ്യോഗസ്ഥർക്ക് കൈമാറി.
തുമ്പുകൾ തേടി
കൊല്ലം സ്ക്വാഡ്
മാലപൊട്ടിക്കൽ മുതൽ കൊലപാതകം വരെ കൊല്ലം സിറ്റി പൊലീസ് പരിധിയിൽ എന്ത് ക്രൈം ഉണ്ടായാലും അവിടേക്ക് കൊല്ലം സ്ക്വാഡ് എത്തും. നേരിട്ട് തെളിവുകളില്ലാത്ത ചില കേസുകളിലും പ്രതികളെ ഒരു മണിക്കൂറിനുള്ളിൽ പിടികൂടിയ ചരിത്രമുണ്ട്. അനന്ദവല്ലീശ്വരം ക്ഷേത്രത്തിലെ വിഗ്രഹ മോഷണം, കൊല്ലം അമ്മൻനടയിൽ അമ്മയെ ജീവനോടെ കുഴിച്ചുമൂടിയത്, കണ്ണനല്ലൂരിൽ നിന്ന് പതിനാലു വയസുകാരനെ തമിഴ്നാട്ടിലേക്ക് തട്ടിക്കൊണ്ടുപോയ കേസ്.... കൊല്ലം സിറ്റി പൊലീസ് പരിധിയിലെ കോളിളക്കം സൃഷ്ടിച്ച പല കേസുകളിലെയും പ്രതികളെ ദിവസങ്ങൾക്കുള്ളിൽ പിടികൂടിയതും കൊല്ലം സ്ക്വാഡ് ആയിരുന്നു. കണ്ണനല്ലൂരിൽ നിന്ന് പതിനാലുകാരനെ തട്ടിക്കൊണ്ടുപോയ ദിവസം തന്നെ പ്രതികളിൽ ഒരാളെ പാറശാലയിൽ വച്ച് പിടികൂടാനുള്ള വിവരങ്ങൾ കൈമാറി. പിന്നീട് സംഭവത്തിന്റെ സൂത്രധാരനായ ഡോക്ടറെയും തമിഴ്നാട്ടിലെ ക്വട്ടേഷൻ സംഘത്തെയും ദിവസങ്ങൾക്കുള്ളിൽ കുടുക്കി. ഇങ്ങനെ നീളുന്നു കൊല്ലം സ്ക്വാഡിന്റെ ത്രില്ലിംഗ് ഹിസ്റ്ററി.