അനർട്ടിന്റെ സൗരതേജസിന് ആവശ്യക്കാർ കുറവ്
കൊല്ലം: വീട്ടാവശ്യത്തിനുള്ള വൈദ്യുതിക്ക് കേന്ദ്ര സബ്സിഡിയോടെ സൗരോർജ്ജ പ്ളാന്റ് സ്ഥാപിക്കുന്ന അനർട്ടിന്റെ പദ്ധതിയായ 'സൗരതേജസി'നേക്കാൾ ജനങ്ങൾക്ക് പ്രിയം കെ.എസ്.ഇ.ബിയുടെ പുരപ്പുറം സൗരോർജ്ജ പദ്ധതി.
സൗരതേജസിന് ജില്ലയിൽ ഇതുവരെ 458 രജിസ്ട്രേഷനുകളാണ് ലഭിച്ചത്. എന്നാൽ പുരപ്പുറ സൗരോർജ്ജ പദ്ധതി പ്രകാരം ജില്ലയിൽ 2100ൽ അധികം പ്ലാന്റുകൾ ഇതിനോടകം സ്ഥാപിച്ചു.
സൗരതേജസ് രജിസ്ട്രേഷനിലൂടെ 1707 കിലോ വാട്ട് ശേഷിയുള്ള പ്ളാന്റുകൾ സ്ഥാപിക്കാൻ കഴിയുമെന്നാണ് കണക്കുകൂട്ടൽ. എന്നാൽ വീടുകൾ കേന്ദ്രീകരിച്ച് 309 കിലോ വാട്ട് ശേഷിയുള്ള 93 പ്ളാന്റുകൾ മാത്രമാണ് സ്ഥാപിക്കാൻ കഴിഞ്ഞത്. വീട്ടിലെ കെ.എസ്.ഇ.ബി കണക്ഷൻ ലോഡ്, ബില്ല് എന്നിവ പരിശോധിച്ചാണ് രണ്ടു പദ്ധതിയിലും എത്ര കിലോവാട്ട് ഉത്പാദിപ്പാക്കാൻ കഴിയുന്ന പ്ളാന്റ് സ്ഥാപിക്കാം എന്ന് തീരുമാനിക്കുന്നത്. വീട്ടാവശ്യം കഴിഞ്ഞുള്ള വൈദ്യുതി കെ.എസ്.ഇ.ബിക്ക് നൽകാം.നിശ്ചിത തുക ഗുണഭോക്താവിന് ലഭിക്കും. വേഗം പ്ളാന്റ് സ്ഥാപിക്കാൻ കഴിയുമെന്നതും ചെലവ് കുറവുമാണ് പുരപ്പുറ സൗരോർജ്ജ പദ്ധതിയിലേക്ക് കൂടുതൽ പേരെ ആകർഷിക്കുന്നത്.
സൗരതേജസ്
2 കിലോ വാട്ട് പ്ലാന്റ് സ്ഥാപിക്കാൻ ശരാശരി വേണ്ടത് ഒരുമാസം
ചെലവ് സബ്സിഡി കഴിഞ്ഞ് 95,725 രൂപ
ഗാർഹികാവശ്യത്തിന് 2 കിലോ വാട്ട് മുതൽ 10 കിലോ വാട്ട് വരെ ശേഷിയുള്ള പ്ളാന്റുകൾ
സ്ഥലവും പ്ളാന്റിന്റെ കപ്പാസിറ്റിയും അനുസരിച്ച് പൂർത്തിയാകുന്ന സമയം നീളാം
അനർട്ട് ഏർപ്പെടുത്തിയിട്ടുള്ള കമ്പനികളാണ് പ്ളാന്റുകൾ സ്ഥാപിക്കുന്നത്
www.buymysun.com എന്ന പോർട്ടൽ വഴിയാണ് രജിസ്ട്രേഷൻ
പുരപ്പുറം സൗരോർജ്ജ പദ്ധതി
1 കിലോ വാട്ട് പ്ലാന്റ് സ്ഥാപിക്കാൻ ശരാശരി വേണ്ടത് ഒരു ആഴ്ച
100 ചതുരശ്ര അടിയിൽ പ്ളാന്റ് സ്ഥാപിക്കാൻ ചെലവ് സബ്സിഡി കഴിഞ്ഞ് 50,000 രൂപ
കെ.എസ്.ഇ.ബിയുടെ ഇ-കിരൺ വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം
കെ.എസ്.ഇ.ബി എം പാനൽ ചെയ്ത ഏജൻസികൾ പ്ലാന്റുകൾ നിർമ്മിക്കും
സൗരതേജസ് സബ്സിഡി
മൂന്ന് കിലോവാട്ട് വരെയുള്ള പ്ലാന്റിന് കേന്ദ്ര നവ-പുനരുപയോഗ ഊർജ്ജ മന്ത്രാലയം നാല് ശതമാനവും മൂന്ന് മുതൽ 10 വരെ കിലോവാട്ട് ശേഷിയുള്ള പ്ലാന്റിന് ആദ്യ മൂന്നു കിലോവാട്ടിന് 40ഉം തുടർന്ന് 20 ശതമാനം നിരക്കിലുമാണ് സബ്‌സിഡി നൽകുന്നത്. ഗ്രൂപ്പ് ഹൗസിംഗ് സൊസൈറ്റികൾ, ഫ്ളാറ്റുകൾ, അപ്പാർട്ട്‌മെന്റുകൾ എന്നിവയ്ക്ക് പരമാവധി 500 കിലോവാട്ട് വരെ (ഒരു വീടിന് 10 കിലോവാട്ട് എന്ന കണക്കിൽ) പ്ലാന്റ് സ്ഥാപിക്കാൻ 20 ശതമാനം സബ്‌സിഡി നൽകുന്നുണ്ട്.
പുരപ്പുറം സൗരോർജ്ജം
ഒന്ന് മുതൽ മൂന്ന് കിലോ വാട്ടിന് 40 ശതമാനവും മൂന്ന് മുതൽ പത്തുവരെ കിലോവാട്ടിന് 20 ശതമാനവും സബ്സിഡി നൽകുന്നു.