കൊല്ലം: കല്ലുപാലം മുതൽ താന്നി വരെ കൊല്ലം തോടിന്റെ സംരക്ഷണ ഭിത്തി പുതുക്കിയ എസ്‌റ്റിമേറ്റ് പ്രകാരം നിർമ്മിക്കാൻ വഴിയൊരുങ്ങുന്നു. കിഫ്‌ബി പദ്ധതി ആയതിനാലും പ്രവൃത്തിക്ക് നേരത്തെ തന്നെ ഭരണാനുമതി ലഭിച്ചതിനാലും നിലവിലെ സാമ്പത്തിക വിഷയങ്ങൾ പദ്ധതിയെ ബാധിക്കാനിടയില്ല. ആറ് വർഷം മുമ്പുള്ള എസ്‌റ്രിമേറ്റ് തുകയായ 23.81 കോടി പുതുക്കി 31 കോടിയാക്കി.
കൊല്ലം തോടിന് സമാന്തരമായി നിർദിഷ്‌ട തീരദേശ ഹൈവേ കടന്നു പോകുന്ന ഭാഗത്ത് സംരക്ഷണ ഭിത്തിയൊരുക്കുന്ന ജോലിയാണ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തിരിക്കുന്നത്. തീരദേശ പാതയ്ക്കായി സ്ഥലം ഏറ്റെടുക്കുമ്പോൾ റോഡിനോട് ചേർന്നുള്ള കൊല്ലം തോടിന്റെ ഭാഗം ഉൾനാടൻ ജലഗതാഗത വകുപ്പിന്റെ ഉടമസ്ഥതയിലായതിനാൽ, വകുപ്പുകൾ തമ്മിൽ തർക്കമുണ്ടായിരുന്നു. എം. നൗഷാദ് എം.എൽ.എയുടെ ഇടപെടലിനെത്തുടർന്ന് ഉൾനാടൻ ജലഗതാഗത വകുപ്പും പൊതുമരാമത്ത് വകുപ്പും റവന്യു അധികൃതരും ചർച്ച ചെയ്ത് വിഷയം പരിഹരിച്ച സാഹചര്യത്തിലാണ് നിർമ്മാണത്തിനുള്ള തടസങ്ങൾ നീങ്ങിയത്. വകുപ്പിലെ ഉന്നതരും കിഫ്‌ബി പ്രതിനിധികളും പദ്ധതി പ്രദേശം സന്ദർശിച്ചാണ് മാസ്‌റ്റർ പ്ലാൻ തയ്യാറാക്കിയത്.
സംരക്ഷണ ഭിത്തിക്ക് പുറമേ വേലിയും
റോഡിനാേട് ചേർന്ന ഭാഗത്ത് സംരക്ഷണ ഭിത്തിക്ക് പുറമേ വേലിയും താഴെ തോടിന്റെ കര ബലപ്പെടുത്തുന്ന ജോലികളും പുതുതായി ചേർത്താണ് എസ്‌റ്റിമേറ്റ് പുതുക്കുന്നത്. തീരദേശ ഹൈവേ യാഥാർത്ഥ്യമാകുമ്പോൾ ഉണ്ടായേക്കാവുന്ന ഗതാഗത സാന്ദ്രത മൂലമുള്ള സമ്മർദം തോടിന്റെ കരഭാഗത്ത് ബലക്ഷയം ഉണ്ടാക്കാതിരിക്കാനാണ് പുതിയ പ്രവൃത്തികൾ കൂടി ഉൾപ്പെടുത്തിയത്.
ഏഴ് മുതൽ എട്ട് മീറ്റർ വരെ ഉയരമുള്ള പാർശ്വഭിത്തി വേണ്ട സ്ഥലങ്ങളിൽ ഉൾനാടൻ ജലഗതാഗത വകുപ്പ് മണ്ണ് പരിശോധന നടത്തും. ഇറിഗേഷൻ ഡിസൈൻ ആൻഡ് റിസർച്ച് ബോർഡിന്റെ പ്രത്യേക രൂപകൽപ്പനയിലായിരിക്കും നിർമ്മാണം.