പരവൂർ: പൂയപ്പള്ളിയിൽ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതി പത്‌മകുമാറിന്റെ ഫാമിലെ ജീവനക്കാരിക്ക് നേരെ വധഭീഷണി മുഴക്കിയെന്ന പരാതിയിൽ പരവൂർ പൊലീസ് കേസെടുത്തു.

പത്മകുമാറിന്റെ കേബിൾ നെറ്റ് വർക്കിലെ മുൻ ജീവനക്കാരൻ ചാത്തന്നൂർ സ്വദേശി രാജേഷിന്റെ പേരിലാണ് കേസ്. പത്മകുമാറിനെയും കുടുംബത്തെയും റിമാൻഡ് ചെയ്തതിന്റെ തൊട്ടടുത്ത ദിവസം ഭർത്താവിന്റെ ഫോണിൽ വിളിച്ച രാജേഷ് ഷീബയ്ക്കെതിരെ വധഭീഷണി മുഴക്കിയെന്നായിരുന്നു പരാതി.

മരത്തിൽ നിന്ന് വീണ് പരിക്കേറ്റ രാജേഷ് മാസങ്ങളായി കിടപ്പാണ്. ഷീബ ചാനലിന് നൽകിയ അഭിമുഖം കണ്ട് പ്രകോപിതനായാണ് പരിചയക്കാരൻ കൂടിയായ രാജേഷ് ഷീബയുടെ ഭർത്താവിനെ വിളിച്ചത്. സംസാരം തർക്കത്തിലേക്ക് നീണ്ടതോടെയാണ് രാജേഷ് വധഭീഷണി മുഴക്കിയത്. സംഭവത്തിന് തട്ടിക്കൊണ്ടുപോകൽ കേസുമായി നേരിട്ട് ബന്ധമില്ലെന്നും പൊലീസ് പറഞ്ഞു.