കൊല്ലം: മെഡിസെപ്പിൽ അംഗങ്ങളായവരിൽ മദ്യവും സിഗററ്റും ഉപയോഗിക്കുന്നവർക്ക് ചികിത്സ പരിരക്ഷ നിഷേധിക്കുന്ന ഓറിയന്റൽ ഇൻഷ്വറൻസിന്റെ നടപടി പ്രതിഷേധാർഹമാണെന്ന് ജില്ലാ സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ അഭിപ്രായപ്പെട്ടു. മദ്യപിച്ചു വാഹനമോടിക്കുന്നവർക്കും പുകവലിക്കാർക്കും മറ്റു കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കുമെതിരെ നടപടിയെടുക്കാൻ പൊലീസും നിയമസംവിധാനങ്ങളുമുണ്ട്. ഇക്കാര്യങ്ങളിൽ ഇടപെടാൻ മെഡിസെപ്പിന്റെ കരാർ ഏറ്റെടുത്ത ഇൻഷ്വറൻസ് കമ്പനിക്ക് അധികാരമില്ല.
മദ്യപാനമോ തുടർച്ചയായ പുകവലിയോ ഉള്ളവർക്ക് മെഡിസെപ്പ് പരിരക്ഷ നൽകില്ലെന്ന് ഇൻഷ്വറൻസ് കമ്പനി പറഞ്ഞിട്ടില്ല. ഉണ്ടെങ്കിൽ ഇക്കാര്യം അറിയിക്കാതെ പെൻഷൻകാരെയും സർക്കാർ ജീവനക്കാരെയും മെഡിസെപ്പിൽ ചേർത്തതും അവരിൽ നിന്ന് എല്ലാ മാസവും കൃത്യമായി അഞ്ഞൂറുരൂപ വീതം പിടിച്ചെടുക്കുന്നതും കൊടിയ വഞ്ചനയാണ്. പദ്ധതിയിൽ തുടരാൻ താത്പര്യമില്ലാത്ത ജീവനക്കാരെയും പെൻഷൻകാരെയും പിൻമാറാൻ അനുവദിക്കണമെന്ന് കൊല്ലം ജില്ലാ സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ സർക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് കെ.എൻ.കെ. നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ.വെള്ളിമൺ നെൽസൺ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ.എസ്.സുരേഷ്കുമാർ, കൗൺസിൽ അംഗങ്ങളായ എ..രാധാകൃഷ്ണൻ, പ്രൊഫ.ജി.വാസുദേവൻ, കെ.സി. ഭാനു, ജില്ലാ സെക്രട്ടറി ഡി.രാമചന്ദ്രൻപിള്ള, വൈസ് പ്രസിഡന്റ് നീലേശ്വരം സദാശിവൻ, ജോയിന്റ് സെക്രട്ടറിമാരായ കെ.പി. ശങ്കരൻകുട്ടി, പി.എസ്. ശശിധരൻപിള്ള, എം.കരുണാകരൻ എന്നിവർ സംസാരിച്ചു.