pooyappally

കൊല്ലം: പൂയപ്പള്ളിയിൽ നിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പിടിയിലായ ചാത്തന്നൂർ സ്വദേശി പത്മകുമാറും കുടുംബവും സമാനമായ കുറ്റകൃത്യം നേരത്തെ ചെയ്തിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് അന്വേഷണ സംഘത്തലവനായ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി എം.എം.ജോസ് പറഞ്ഞു.

പ്രതികൾക്കെതിരെ നിലവിൽ മറ്ര് പരാതികൾ ലഭിച്ചിട്ടില്ല. എങ്കിലും ചോദ്യം ചെയ്യുമ്പോൾ നേരത്തേയുള്ള വിവരങ്ങളും ആരായും. പിടിയിലാകുമ്പോൾ ലഭിച്ച പത്മകുമാറിന്റെ ഡയറിയിൽ നിന്ന് വിവിധ പ്രദേശങ്ങളിലെ റൂട്ട് മാപ്പുകൾ ലഭിച്ചിരുന്നു. അതിൽ ഏറ്റവും ഒടുവിലായിരുന്നു ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ പൂയപ്പള്ളി മുതൽ ചാത്തന്നൂർ വരെയുള്ള റൂട്ട് മാപ്പ്.

അന്വേഷണസംഘം നൽകിയ കസ്റ്റഡി അപേക്ഷയുടെ അടിസ്ഥാനത്തിൽ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഒരാഴ്ചത്തെ കസ്റ്റഡി ആവശ്യപ്പെടാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. ഇന്നുതന്നെ ചോദ്യം ചെയ്യൽ ആരംഭിക്കും. വെള്ളിയോ ശനിയോ തെളിവെടുപ്പ് നടത്തും.

ചോദ്യം ചെയ്യലിനു മുന്നോടിയായി പ്രതികൾ കൂട്ടിയെ തട്ടിക്കൊണ്ടുപോയതിനുശേഷവും പിറ്റേന്ന് കുട്ടിയെ ഉപേക്ഷിക്കാനും ഉൾപ്പെടെ സഞ്ചരിച്ച വഴികളിലെ നിരീക്ഷണ കാമറാ ദൃശ്യങ്ങൾ ശേഖരിച്ചു. പ്രതികൾക്കായി തെരച്ചിൽ നടത്തുമ്പോൾ ലഭിച്ചതിനേക്കാൾ കൂടുതൽ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. പ്രതികളുടെ വായ്പകളുടെയും മറ്റ് ഇടപാടുകളുടെയും വിവരങ്ങൾ ആവശ്യപ്പെട്ട് ബാങ്കുകൾക്ക് കത്ത് നൽകി. അനിതകുമാരിക്കെതിരെ രംഗത്തെത്തിയ അമ്മ മീനാക്ഷിഅമ്മയുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തും. സ്വകാര്യ വ്യക്തികളുമായുള്ള പണമിടപാടുകളും അന്വേഷിക്കും.