കൊട്ടാരക്കര: സർക്കാർ ആശുപത്രികളിൽ ഓങ്കോളജി വിഭാഗം ഡോക്ടർമാരുടെ ഒഴിവു നികത്താൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ജീവനം കാൻസർ സൊസൈറ്റി ആവശ്യപ്പെട്ടു. കേരളത്തിൽ കാൻസർ രോഗികളുടെ എണ്ണം ആശങ്കാജനകമായ രീതിയിൽ വർദ്ധിക്കുന്നു. ദേശീയ ശരാശരിയേക്കാൾ കൂടുതലാണ് കേരളത്തിൽ രോഗികളുടെ എണ്ണം. കാൻസർ ചികിത്സ ചെലവേറിയ കാലഘട്ടത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രോഗികൾ പ്രധാനമായും ആശ്രയിക്കുന്നത് കേരളത്തിലെ ഗവ. കാൻസർ ചികിത്സാ കേന്ദ്രങ്ങളെയാണ്. മെഡിക്കൽ കോളജുകളിലും ജില്ലാ ,താലൂക്ക് ആശുപത്രികളിലും ഓങ്കോളജിസ്റ്റുകളുടെ അഭാവം ചികിത്സക്കെത്തുന്നവരെ ബുദ്ധിമുട്ടിലാക്കുന്നു. മെഡിക്കൽ
കോളേജുകളിൽ ആവശ്യത്തിന് സർജിക്കൽ ഓങ്കോളജിസ്റ്റുകളില്ല. ഇവിടെ സങ്കീർണങ്ങളായ കാൻസർ ശസ്ത്രക്രീയകൾ നടത്തുന്നത് ജനറൽ സർജന്മാരാണ്. കാൻസർ വിഭാഗം ഡോക്ടർമാരെ നിയമിച്ച് സർക്കാർ മേഖലയിൽ കാൻസർ ചികിത്സാ സൗകര്യം ഉറപ്പാക്കണമെന്ന് ജീവനം കാൻസർ സൊസൈറ്റി സംസ്ഥാന ജനറൽ സെക്രട്ടറി ബിജു തുണ്ടിൽ മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.