കൊല്ലം: പ്രകൃതി പഠന ക്യാമ്പിനെത്തിയ ക്ളാപ്പന സ്കൂളിലെ വിദ്യാർത്ഥികളെ അച്ചൻകോവിലിലെ നിരോധിത വനമേഖലയായ കോട്ടവാസൽ പുൽമേട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയ സംഭവത്തിൽ സ്കൗട്ട് ആൻഡ് ഗൈഡ്സ് ടീം ലീഡർ രാജേഷിനെതിരെ വനം വകുപ്പ് കേസെടുത്തു.

എന്നാൽ സുരക്ഷാ ക്രമീകരണങ്ങളില്ലാതെ വിദ്യാർത്ഥികളെ അയച്ച വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയില്ല. കോട്ടവാസൽ ഭാഗത്ത് വനത്തിൽ ട്രക്കിംഗിന് വനംവകുപ്പ് അനുമതി നൽകാറില്ല. എന്നാൽ ചില ഉദ്യോഗസ്ഥർ വാക്കാൽ അനുമതി നൽകാറുണ്ട്. ഇതേത്തുടർന്നാണ് പഠനയാത്രാ സംഘം ഈ ഭാഗത്തേക്ക് പോയത്. കോട്ടവാസൽ ചെക്ക് പോയിന്റിനപ്പുറം 300 മീറ്റർ കഴിഞ്ഞ് ഒരു വ്യൂപോയിന്റുണ്ട്. സഞ്ചാരികൾക്ക് അവിടം വരെ പോകാനേ വനപാലകർ അനുമതി നൽകാറുള്ളു. വിദ്യാർത്ഥി സംഘം ഇതും കഴിഞ്ഞ് ഉൾവനത്തിലേക്ക് പോയിരുന്നു.

മൂന്ന് ദിവസത്തെ പ്രകൃതി പഠന ക്യാമ്പിനാണ് 16 പെൺകുട്ടികളും 13 ആൺകുട്ടികളും ഉൾപ്പെട്ട 29 അംഗ സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാർത്ഥികളും രണ്ട് അദ്ധ്യാപകരും മൂന്ന് സ്കൗട്ട് ആൻഡ് ഗൈഡ് അദ്ധ്യാപകരും ഉൾപ്പെട്ട സംഘം അച്ചൻകോവിൽ കുംഭാവുരുട്ടി വനമേഖലയിൽ എത്തിയത്.

ക്യാമ്പിന്റെ അവസാന ദിനമായ ഞായറാഴ്ച ഉച്ചയോടയെണ് സംഘം കോട്ടവാസൽ ജണ്ടപ്പാറ ഭാഗത്തേക്ക് വനസഞ്ചാരത്തിന് പോകുന്നത്. വൈകിട്ട് നാലോടെ തിരിച്ചിറങ്ങിയപ്പോഴേക്കും മഴയും കോടയും കാരണം വഴിതെറ്റിയ സംഘം അഞ്ച് കിലോമീറ്റർ ഉൾ വനത്തിൽ അകപ്പെട്ടു. ഫോറസ്റ്റ് ഉദ്യോഗസ്ഥർ നടത്തിയ തെരച്ചിലിനൊടുവിൽ പത്ത് മണിക്കൂറിന് ശേഷം തിങ്കളാഴ്ച പുലർച്ചെ മൂന്നോടെയാണ് സംഘത്തെ കണ്ടെത്തി പുറത്തെത്തിച്ചത്.