കൊട്ടാരക്കര : പട്ടണത്തിലെ ഗതാഗത പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ട്രാഫിക് കമ്മിറ്റി ഇന്ന് ചേരും. വൈകിട്ട് 3 ന് നഗരസഭ ഹാളിൽ ചെയർമാൻ എസ്.ആർ.രമേശിന്റെ അദ്ധ്യക്ഷതയിൽ യോഗം ചേരും. ചന്തമുക്കിൽ ട്രാഫിക് സിഗ്നൽ ലൈറ്റ് സ്ഥാപിക്കുന്നതടക്കമുള്ള പ്രശ്നങ്ങൾ കഴിഞ്ഞ ദിവസം കേരള കൗമുദി വാർത്തയായി പ്രസിദ്ധീകരിച്ചിരുന്നു. ഓണത്തിന് മുന്നോടിയായി നടപ്പാക്കിയ ട്രാഫിക് പരിഷ്കാരങ്ങൾ യോഗം വിലയിരുത്തും. ടൗണിൽ വിവിധ ഇടങ്ങളിൽ പാർക്കിംഗ് ഫീസ് ഈടാക്കുവാൻ തീരുമാനിച്ചത് നടപ്പാക്കി വരികയാണ്. വ്യാപാര സ്ഥാപനങ്ങളിൽ സാധനം വാങ്ങാൻ എത്തുന്നവർക്ക് കുറച്ചു സമയം റോഡിൽ പാർക്ക് ചെയ്യാൻ അനുവാദം നൽകിയിരുന്നു. പാർക്കിംഗ്, നോ പാർക്കിംഗ് ഏരിയ തിരിച്ചതിൽ അപാകത ഉണ്ടോ എന്ന വിഷയം യോഗം ചർച്ച ചെയ്യും.
ട്രാഫിക് വാർഡൻമാർ
ആദ്യഘട്ടത്തിൽ 10 ട്രാഫിക് വാർഡന്മാരെ നിയമിച്ചു. പാർക്കിംഗ് ഫീസ് പിരിച്ചെടുക്കലാണ് ഇവരുടെ പ്രധാന ജോലി. ഇതിൽ നിന്ന് മാസ ശമ്പളം നൽകാൻ ഉള്ള തുക കണ്ടെത്താം എന്നാണ് നഗരസഭ കണക്കാക്കിയത്. എന്നാൽ അത്രത്തോളം തുക ലഭിക്കുന്നില്ല. കൂടുതൽ വാർഡന്മാരെ നിയോഗിക്കുകയും വേണം. ആ നിലയിൽ കൂടുതൽ വരുമാനം ഉണ്ടാക്കാനും യോഗം ആലോചിക്കും.
ബസ് സ്റ്റാൻഡ് നിർമ്മാണം
കൊട്ടാരക്കര: പ്രൈവറ്റ് ബസ് സ്റ്റാൻഡ് നിർമ്മാണ ജോലികൾ ഉടനെ തുടങ്ങും. ഇതിനായി സ്റ്റാൻഡിന്റെ നിലവിലുള്ള പ്രവർത്തനം നിറുത്തേണ്ടി വരും. ബസുകൾ എവിടെ പാർക്ക് ചെയ്യണം എന്നതടക്കം തീരുമാനിക്കേണ്ടതുണ്ട്.