എഴുകോൺ : കൂലി വർദ്ധന അനിശ്ചിതമായി നീളുന്നതിൽ കശുഅണ്ടി തൊഴിലാളികളുടെ പ്രതിഷേധം. കശുഅണ്ടി വികസന കോർപ്പറേഷന്റെ പരുത്തൻ പാറ ഫാക്ടറിയിലാണ് കൂലി വർദ്ധന ആവശ്യപ്പെട്ട് തൊഴിലാളികൾ സമരം നടത്തിയത്.മിനിമം കൂലി പുതുക്കി നിശ്ചയിക്കുന്നതിന് ചേർന്ന ഐ. ആർ.സി യോഗം തീരുമാനമാകാതെ പിരിഞ്ഞിരുന്നു. ഇതോടെയാണ് കഴിഞ്ഞ ദിവസം രാവിലെ 8ന് തൊഴിൽ ബഹിഷ്കരിച്ച തൊഴിലാളികൾ ഫാക്ടറി ഗേറ്റ് പടിക്കൽ സമരം നടത്തിയത്. ഉച്ചയോടെ കശുഅണ്ടി വികസന കോർപ്പറേഷൻ പേഴ്സണൽ മാനേജർ അജിത്ത് എത്തി വിവിധ യൂണിയൻ നേതാക്കളുമായി നടത്തിയ ചർച്ചയെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. കശുഅണ്ടി തൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.സവിൻ സത്യൻ, അഡ്വ. രതീഷ് കിളിത്തട്ടിൽ, സി.ഐ.ടി.യു നേതാക്കളായ ജെ.രാമാനുജൻ, ഓമനക്കുട്ടൻ അഡ്വ.രതീഷ് കിളിത്തട്ടിൽ, എ.ഐ.ടി.യു.സി നേതാവ് എൻ.പങ്കജരാജൻ, യു.ടി.യു.സി നേതാവ് സോമശേഖരൻ നായർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. 11 നാണ് അടുത്ത ഐ.ആർ.സി. യോഗം .