 
ചാത്തന്നൂർ: പൂയപ്പള്ളിയിൽ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പിടിയിലായ പത്മകുമാറിന്റെ ചിറക്കരയിലെ ഫാമിലെ വളർത്തുമൃഗങ്ങളുടെ ചെലവ് താങ്ങാനാകാതെ ജീവനക്കാരി.
പത്മകുമാർ തമിഴ്നാട്ടിലേക്ക് കടന്നത് മുതൽ ഫാമിലെ ചെലവ് പൂർണമായും വഹിക്കുന്നത് ജീവനക്കാരിയാണ്. നിർദ്ധന കുടുംബാംഗമായ തനിക്ക് ഇനി ചെലവ് താങ്ങാനാകില്ലെന്ന് ജീവനക്കാരി പറയുന്നു.
ആറരയേക്കറോളം വിശാലമായ ഫാമിൽ 6 പശുക്കളും 16 ഓളം നായകളും 20 ഫാൻസി കോഴികളുമുണ്ട്. പശുക്കൾക്ക് മാത്രം ദിവസം ആയിരം രൂപയുടെ തീറ്റി കുറഞ്ഞത് വേണം. കൂലി കൃത്യമായി ലഭിക്കാറില്ലെങ്കിലും വീട്ടിലെ ബുദ്ധിമുട്ടുകൾ കാരണം ഷീബ ജോലി തുടരുകയാണ്. പത്മകുമാർ പുറത്തിറങ്ങാൻ ഇനിയും ദിവസങ്ങളെടുക്കും. അതുവരെ വളർത്തുമൃഗങ്ങളെ മൃഗസംരക്ഷണ വകുപ്പ് ഏറ്റെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എന്നാൽ കേസിൽ ഉൾപ്പെട്ടയാളുടേത് ആയതിനാൽ പൊലീസ് രേഖമൂലം ആവശ്യപ്പെടാതെ ഇടപെടാനാകില്ലെന്ന് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.