അഞ്ചാലുംമൂട്: ദേശീയപാതയിൽ നിന്ന് കടവൂർ- നീരാവിൽ പോക്കറ്റ് റോഡിലേക്ക് കടക്കുന്ന ഭാഗം ഓട നിർമ്മാണത്തിനായി വെട്ടിപ്പൊളിച്ചത് മൂടിയതോടെ നീരാവിൽ എൽ.പി.എസിലേക്കും ഹയർസെക്കൻഡറി സ്‌കൂളിലേക്കും പോകാൻ കിലോമീറ്ററുകൾ സഞ്ചരിക്കേണ്ടിവന്ന വിദ്യാർത്ഥികൾക്ക് ആശ്വാസമായി. ദുരിത യാത്ര സംബന്ധിച്ച് 'കേരളകൗമുദി' പ്രസിദ്ധീകരിച്ച വാർത്തയെത്തുടർന്നാണ് അധികൃതർ അടിയന്തിര നടപടി സ്വീകരിച്ചത്. പ്രദേശത്തെ വീട്ടുകൾക്ക് മുന്നിൽ ഓട നിർമ്മിക്കാനെടുത്ത കുഴികളും മൂടി പൂർവസ്ഥിതിയിലാക്കിയിട്ടുണ്ട്.
കഴിഞ്ഞ ആഴ്ചയാണ് ദേശീയപാത വികസനത്തിന്റെ ഭാഗമായി നീരാവിൽ ഭാഗത്തേക്കുള്ള പോക്കറ്റ് റോഡ് ഓട നിർമ്മാണത്തിനായി കുഴിച്ചത്. ഇതോടെ വിദ്യാർത്ഥികൾക്ക് പുറമേ ഭൂതക്കാവ്, അരയന്റെമുക്ക്, നീരാവിൽ ജംഗ്ഷൻ എന്നീ പ്രദേശങ്ങളിലുള്ളവരും ദുരിതത്തിലായിരുന്നു.