ഉത്തരവിട്ടത് തദ്ദേശ സ്വയംഭരണ ഓംബുഡ്‌സ്‌മാൻ
കൂട്ടിക്കട: മയ്യനാട് പഞ്ചായത്ത് 22-ാം വാർഡിലെ കവിതമുക്ക്- ആറാട്ടുകുളം റോഡിന്റെ ശോച്യാവസ്ഥയ്‌ക്കെതിരെ നാട്ടുകാർ നൽകിയ പരാതിയെത്തുടർന്ന്, മൂന്ന് മാസത്തിനുള്ളിൽ റീ ടാറിംഗ് നടത്തി റിപ്പോർട്ട് നൽകാൻ തദ്ദേശ സ്വയംഭരണ ഓംബുഡ്‌സ്‌മാൻ ഉത്തരവിട്ടു.
2022-23 വർഷത്തെ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽപ്പെടുത്തി ആറ് ലക്ഷം ചെലവാക്കാൻ ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചെങ്കിലും ഈ ഫണ്ടുപയോഗിച്ച് ഇതേ വാർഡിലെ, ജനവാസം കുറവായ മേഖലയിലുള്ള മറ്റൊരു റോഡിന്റെ നിർമ്മാണമാണ് നടത്തിയതെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഏകദേശം 600 മീറ്റർ ദൈർഘ്യമുള്ള റോഡ് അഞ്ച് വർഷത്തോളമായി അവഗണനിയിലാണ്. ഇരുചക്ര വാഹനങ്ങൾ ഇവിടെ അപകടത്തിൽപ്പെടുന്നത് പതിവാണ്. 200 ഓളം കുട്ടികൾ പഠിക്കുന്ന നഴ്‌സറി സ്‌കൂളിലേക്കുള്ള ഏക ആശ്രയമാണ് ഈ റോഡ്.
ശാരീരിക പരിമിതിയുള്ളവരും ഇതുവഴി ജോലിക്ക് പോകുന്നുണ്ട്. ഇവരെ സ്ഥിരമായി രാവിലെ ജോലിസ്ഥലത്ത് എത്തിക്കാനും വൈകിട്ട് തിരികെ കൊണ്ടുവരാനും റോഡിന്റെ ദുരവസ്ഥ കാരണം സഹായികളെ ആവശ്യമായ അവസ്ഥയാണ്
സുനിൽ ദത്ത്, കൂട്ടിക്കട നോർത്ത് റസിഡൻസ് അസോ. സെക്രട്ടറി
കാലിന് സ്വാധീനക്കുറവുണ്ട്. അതിനാൽ റോഡ് വെള്ളക്കെട്ടായാൽ മറ്റാരെക്കാളും ബുദ്ധിമുട്ടുണ്ടാവും. ദിവസേന രണ്ട് തവണ ഈ റോഡിനെ ആശ്രയിക്കണം. ഉടൻ ശരിയാകുമെന്ന വാർഡ് മെമ്പറുടെ വാക്ക് വിശ്വസിച്ച് കാത്തിരിക്കുകയാണ്
ഷാലറ്റ് ബാബു, മീറ്റർ കമ്പനി ജീവനക്കാരി
പഞ്ചായത്തിന്റെ പരിമിതമായ ഫണ്ടുപയോഗിച്ചു റോഡിന്റെ പണി പൂർത്തിയാക്കാൻ കഴിയാത്ത അവസ്ഥയാണ്. എം. നൗഷാദ് എം.എൽ.എയുടെ ആസ്‌തി വികസന ഫണ്ടുപയോഗിച്ചു പ്രവൃത്തി ടെൻഡർ ചെയ്‌തു. റീ ടെൻഡറിലും കരാറായില്ല. ക്വട്ടേഷൻ ക്ഷണിച്ചുള്ള നടപടയിലേക്ക് കടന്നിരിക്കുകയാണ്. പഞ്ചായത്ത് ആദ്യം വാർഷിക പദ്ധതിയിൽ അനുവദിച്ച തുക വകമാറ്റി എന്ന ആരോപണം അടിസ്ഥാനമില്ലാത്തതാണ്. ഇതേ വാർഡിലെ മറ്രൊരു റോഡിന്റെ നവീകരണത്തിനാണ് ആ തുക വിനിയോഗിച്ചത്
എസ്. ചിത്ര
വാർഡ് മെമ്പർ
ടെൻഡർ നടപടികളിലെ ചില സാങ്കേതിക പ്രശ്നങ്ങൾ കാരണം അപൂർവം കരാറുകാർ വിട്ടു നിൽക്കുന്നുണ്ട്. ജി.എസ്.ടി ഉൾപ്പടെയുള്ള പ്രശ്‌നങ്ങൾ കരാറുകാരെ ബാധിക്കുന്നു. എങ്കിലും റോഡിന്റെ അറ്റകുറ്റപ്പണി പൂർത്തിയാക്കാനുള്ള പരിശ്രമത്തിലാണ്. എം.എൽ.എ ഫണ്ടിൽ നിന്ന് അനുവദിച്ച 16 ലക്ഷം ഉപയോഗിച്ചു സാങ്കേതിക തികവോടെയാണ് റോഡിന്റെ നവീകരണം പൂർത്തിയാക്കാൻ ശ്രമിക്കുന്നത്
സെൽവി,
ജില്ലാ പഞ്ചായത്തംഗം
റോഡിന്റെ നിർമ്മാണത്തിന് പഞ്ചായത്തിന്റെ ഫണ്ട് അപര്യാപ്‌തമായ സാഹചര്യത്തിലാണ് മയ്യനാട്ടെ ജനപ്രതിനിധികൾ എം.എൽ.എയെ കാണുന്നത്. 16 ലക്ഷത്തിന്റെ എസ്‌റ്റിമേറ്റ് തയ്യാറായെങ്കിലും റോഡിന്റെ നിലവാരം കൂടുതൽ മെച്ചപ്പെടുത്താനും അനുബന്ധ ജോലികൾക്കും നാല് ലക്ഷം കൂടി അനുവദിച്ചിട്ടുണ്ട്
എം. നൗഷാദ് എം.എൽ.എയുടെ ഓഫീസ്