photo
ശ്രീമൂക്കുംപുഴ ദേവീ ക്ഷേത്രത്തിന്റെ യഥാർത്ഥ മാതൃക.

30 കോടി രൂപ ചെലവിൽ

കരുനാഗപ്പള്ളി: അറബിക്കടലിന് സമീപം പണ്ടാരതുരുത്ത് തുറയിൽ ശ്രീ മൂക്കുംപുഴ ദേവീ ക്ഷേത്രത്തിന്റെ പണികൾ പൂർത്തീകരണത്തിലേക്ക്. 7 വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ച ക്ഷേത്രത്തിന്റെ നിർമ്മാണം മൂന്ന് മാസം കൂടി കഴിയുമ്പോൾ പൂർത്തീകരിച്ച് നാടിന് സമർപ്പിക്കും.

കൃഷ്ണ ശിലയിൽ നി‌ർമ്മാണം

30 കോടി രൂപ ചെലവഴിച്ച് പൂർണമായും കൃഷ്ണ ശിലയിലാണ് ക്ഷേത്രം നിർമ്മിക്കുന്നത്. ഇതിനാവശ്യമായ കൃഷ്ണ ശില തമിഴ്നാട് , രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നാണ് കൊണ്ടുവന്നത്. ശ്രീകാേവിൽ, ചുറ്റമ്പലം ഉപദേവതാ ക്ഷേത്രങ്ങൾ എന്നിവയുടെ മേൽക്കൂരകൾ ചെമ്പ് തകിടുകൾ പാകിയാണ് നിർമ്മിക്കുന്നത്. ചെമ്പ് തകിടുകൾ ഭക്തർക്ക് കാണിക്കയായി സമർപ്പിക്കാവുന്നതാണ്. ഒരു ചെമ്പോലക്ക് 500 രൂപയാണ് വില. അത് ക്ഷേത്രത്തിൽ നിന്ന് ലഭിക്കും.

മാർച്ച് 22 ന് പ്രതിഷ്ഠാ കർമ്മവും 25 ന് ക്ഷേത്ര സമർപ്പണവും

ശിവൻ, കൃഷ്ണൻ, ശാസ്താവ്, യോഗീശ്വരൻ, നാഗരാജാവ്, ബ്രഹ്മരക്ഷസ്സ്, വീരഭദ്രൻ എന്നിവയെല്ലാം ഉപദേവതാ ക്ഷേത്രങ്ങളാണ്. തടിപ്പണി പൂർണമായും തൃശൂരിലാണ് ചെയ്യുന്നത്. ശില്പി സുനിൽകൃഷ്ണയുടെ നേതൃത്വത്തിലാണ് പണികൾ നടക്കുന്നത്. കൊടിമരവും കൃഷ്ണശിലയിലാണ് നിർമ്മിക്കുന്നത്. നവരാതി മണ്ഡപം, ഗജമണ്ഡപം, മണിമണ്ഡപം എന്നിവയുടെ നിർമ്മാണം പൂർത്തിയായി. 2024 മാർച്ച് 22 ന് പ്രതിഷ്ഠാ കർമ്മവും 25 ന് ക്ഷേത്ര സമർപ്പണവും നടത്താനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് പ്രസിഡന്റ് ശ്യാംലാലും സെക്രട്ടറി എം.വത്സലനും ജനറൽ കൺവീനർ ചന്ദ്രബാബും പറഞ്ഞു.