palam-

കൊട്ടിയം: ദേശീയപാത വികസനത്തിനു വേണ്ടിയുള്ള പ്രവൃത്തികളെത്തുടർന്ന് വീടുകളിൽ വെള്ളം കയറിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ പ്രദേശവാസികൾ കോർപ്പറേഷൻ വടക്കേവിള മേഖല സൂപ്രണ്ടിനെ ഉപരോധിച്ചു.

ബൈപ്പാസ് റോഡിൽ ചൂരാങ്ങൽ ആറ്റിലെ രണ്ടു പാലങ്ങൾ മൂടിയതോടെ ആറ്റിൽ കുളവാഴ നിറയുകയും പെരുങ്കുളം നഗറിലെ ഇരുപതിലേറെ വീടുകളിലും സാരഥി പാലത്തിനു സമീപത്തെ വീടുകളിലും വെള്ളം കയറുകയും ചെയ്തു. സെപ്ടിക് ടാങ്കുകളിൽ വെള്ളം നിറഞ്ഞ് മലിനജലം കിണറുകളിലെത്തി. ദുർഗന്ധം വമിക്കുന്ന വെള്ളമാണ് വീടുകളിലേക്ക് ഒഴുകിയെത്തുന്നത്. ഇതോടെ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പാലത്തറ രാജീവ്, കോൺഗ്രസ് നേതാക്കളായ മണികണ്ഠൻ, യൂത്ത് കോൺഗ്രസ് നേതാക്കളായ ശ്യാം മോഹൻ, ലിജു എന്നിവരുടെ നേതൃത്വത്തിൽ വീട്ടമ്മമാരും കുട്ടികളും ഉൾപ്പെടെ മേഖല ഓഫീസിലേക്ക് തള്ളിക്കയറി സൂപ്രണ്ടിനെ ഉപരോധിക്കുകയായിരുന്നു. സ്ഥലത്തെത്തിയ ഇരവിപുരം പൊലീസിന്റെ സാന്നിദ്ധ്യത്തിൽ സൂപ്രണ്ട് ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു. കോർപ്പറേഷൻ അധികൃതർ സ്ഥലം സന്ദർശിച്ച് നിലവിലെ സ്ഥിതി വിലയിരുത്താമെന്ന ഉറപ്പിൻമേൽ പ്രതിഷേധം അവസാനിപ്പിക്കുകയുമായിരുന്നു.

തുടർന്ന് കോർപ്പറേഷൻ സൂപ്രണ്ട് വിനോദ് ചന്ദ്ര, മേജർഇറിഗേഷൻ അസി.എക്സിക്യുട്ടീവ് എൻജിനിയർ അൻസാരി, അസി.എൻജിനിയർ ശ്രീനാഥ് എന്നിവർ വെള്ളം കയറിയ സ്ഥലം സന്ദർശിച്ചു. പിന്നീട് ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകാനായി മടങ്ങിയ സംഘത്തെ നാട്ടുകാർ തടഞ്ഞു. പാലം പണിക്കായി മണ്ണിട്ട് മൂടിയ ഭാഗം തുറന്നുകൊടുക്കാൻ ഇന്നലെത്തന്നെ ഹൈവേ അതോറിട്ടിക്ക് കത്തു നൽകുകയും ആറ്റിലെ കുളവാഴ നീക്കാൻ തിങ്കളാഴ്ച കരാറുകാരുടെ യോഗം വിളിക്കാൻ തീരുമാനിക്കുകയും ചെയ്തതോടെയാണ് ഉദ്യോഗസ്ഥരെ നാട്ടുകാർ വിട്ടയച്ചത്.

ബൈപാസ് റോഡിൽ സാരഥിക്ക് തെക്കും വടക്കുമായി രണ്ട് വലിയ പാലങ്ങൾ നിർമ്മിക്കാനാണ് ചൂരാങ്ങൽ ആറ് മണ്ണിട്ട് നികത്തിയത്. പാലത്തിന് സമീപത്തെ വീടുകളിൽ വെള്ളം കയറാൻ തുടങ്ങിയപ്പോൾ തന്നെ പൊതുപ്രവർത്തകനായ അയത്തിൽ നിസാം വിവരം കളക്ടറെയും ഹൈവേ നിർമാണ കരാറുകാരെയും അറിയിച്ചിരുന്നു. പെരുങ്കുളം നഗർ 69 മുതൽ 89 വരെയുള്ള വീടുകളിലാണ് വെള്ളം കയറിയത്. ഈ വീടുകളിൽ ഓട്ടിസം ബാധിച്ചവരും കിടപ്പു രോഗികളും പോളിയോ ബാധിച്ചവരുമുണ്ട്.