hospital-
കുളത്തൂപ്പുഴയിൽ ഒന്നാം ഘട്ടം പൂർത്തിയായി വരുന്ന ഗവൺമെന്റ് ഹോസ്പിറ്റൽ കെട്ടിട സമുച്ചയം

ആരോഗ്യ ദൗത്യം പദ്ധതിയിൽ 3.20 കോടി രൂപ

കുളത്തുപ്പുഴ : ഗവ.ആശുപത്രിയിലെ വികസന പദ്ധതിയുടെ ആദ്യഘട്ട നിർമ്മാണം പുരോഗതിയിൽ. കേന്ദ്രസർക്കാരിന്റെ ദേശീയ ആരോഗ്യ ദൗത്യം പദ്ധതിയിൽ ഉൾപ്പെടുത്തി 3.20 കോടി രൂപ വിനിയോഗിച്ചാണ് നിർമ്മാണം നടക്കുന്നത്.ഒരു വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കാൻ കൊച്ചി ആസ്ഥാനമായ സർക്കാർ- സ്വകാര്യ സംയുക്ത ഏജൻസി ഇൻകെല്ലുമായാണ് ധാരണ പത്രം ഒപ്പിട്ടിരിക്കുന്നത്.

ആശുപത്രി നിലവാരം ഉയർത്തും

കെട്ടിട നിർമ്മാണ വികസനത്തിനായി 19 വൻ മരങ്ങൾ മുറിച്ചു നീക്കം ചെയ്യുകയും ആശുപത്രിയുടെ ആറ് കോർട്ടേഴ്സുകൾ അടക്കമുള്ള പഴയ കെട്ടിടങ്ങളും ജല സംഭരണിയും പൊളിച്ചു മാറ്റിയിരുന്നു.

കല്ലടയാറിന്റെ തീരത്തോട് ചേർന്നുള്ള 1.05 ഏക്കറിൽ താലൂക്ക് ആശുപത്രി നിലവാരം ഉയർത്താൻ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കും. 10,500അടി വിസ്തീർണ്ണത്തിൽ നിലവിൽ രണ്ടു നിലയുടെ നിർമ്മാണമാണ് നടക്കുന്നത്.

ദുരിതകാലം കഴിഞ്ഞു

ആശുപത്രിയിൽ കിടത്തി ചികിത്സ വേണമെന്ന ആവശ്യവുമായി നിരവധി സാമൂഹ്യ, സന്നദ്ധ പ്രവർത്തകർ കർമ്മസമിതി രൂപീകരിച്ച് നിരവധി സമരങ്ങൾ നടത്തിയിരുന്നു. ആവശ്യത്തിന് ഡോക്ടർമാരുടെയും ജീവനക്കാരുടെയും സേവനം ലഭ്യമല്ലാത്തതും രോഗികളെയും മറ്റും ഒരുപോലെ ദുരിതത്തിലാക്കി.

പുതിയ ഹോസ്പിറ്റൽ കെട്ടിട സമുച്ചയം വരുന്നതോടെ ജനറൽ ഒ.പി, ദന്തൽ ഒ.പി, കാഷ്വാലിറ്റി, നിരീക്ഷണ മുറി,ലബോറട്ടറി, എക്സ് റേ, ഡയാലിസിസ് യൂണിറ്റ് എന്നിവ ക്രമീകരിക്കും.