
പാരിപ്പള്ളി: കല്ലുവാതുക്കൽ പഞ്ചായത്തിലെ 19-ാം വാർഡിൽ നിർമ്മാണം പൂർത്തിയായ പാരിപ്പള്ളി കടുംബാരോഗ്യ കേന്ദ്രത്തിന്റെ സബ് സെന്റർ തുറന്ന് പ്രവർത്തിപ്പിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്ത്. നിർമ്മാണം പൂർത്തിയാക്കിയ കെട്ടിടത്തിന്റെ താക്കോൽ ജില്ലാ മെഡിക്കൽ ഓഫീസർക്ക് കൈമാറിയിട്ട് രണ്ട് വർഷമായിട്ടും പൊതുജനങ്ങൾക്ക് ഈ സ്ഥാപനത്തിന്റെ സേവനം ലഭ്യമായിട്ടില്ല. നിലവിൽ കാടു പിടിച്ച് കിടക്കുന്ന കെട്ടിട പരിസരം സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമായി മാറിയിരിക്കുകയാണ്.
സബ് സെന്റർ തുറക്കാത്തതിനെത്തുടർന്ന് ഡോ.എ.പി.ജെ അബ്ദുൾകലാം മെമ്മോറിയൽ എഡ്യുക്കേഷൻ ആൻഡ് ലീഗൽ സെൽ സെക്രട്ടറി സി.ആർ.സുധീർ മുഖ്യമന്ത്രിയ്ക്ക് പരാതി നൽകിയിരുന്നു. സമുദ്രതീരം വയോജന കേന്ദ്രത്തിനടക്കം ഉപകാരപ്രദമാകുന്ന സബ് സെന്റർ എത്രയും വേഗം തുറന്ന് പ്രവർത്തിപ്പിക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.