തൊടിയൂർ: റെയിൽവേ സ്റ്റേഷൻ - കാരൂർക്കടവ് റോഡിൽ ഇടക്കുളങ്ങര ക്ഷേത്രത്തിന് മുൻവശമുള്ള വളവ് അപകടക്കെണിയാകുന്നു. കഴിഞ്ഞ 6 മാസത്തിനകം പന്ത്രണ്ടിൽപ്പരം വാഹനങ്ങളാണ് ക്ഷേത്ര മൈതാനത്തേക്ക് ഇടിച്ചിറങ്ങിയത്. മാസങ്ങൾക്ക് മുൻപുണ്ടായ അപകടത്തിൽ ഇലക്ട്രിക് പോസ്റ്റുകൾ തകർന്ന് വീണിരുന്നു. രാത്രിയിൽ തെക്ക് നിന്ന് വേഗതയിൽ വരുന്ന വാഹനങ്ങൾ പലതും വളവുണ്ടെന്ന കാര്യം തിരിച്ചറിയാതെ നേരെ മൈതാനത്തേക്ക് ഇടിച്ചിറങ്ങുന്നത് പതിവാണ്. ക്ഷേത്ര മൈതാനത്തിന് അരിക് ഭിത്തി നിർമ്മിച്ചെങ്കിലും അതും തകർത്താണ് വാഹനങ്ങൾ മൈതാനത്തേക്ക് ഓടിക്കയറുന്നത്.
സിഗ്നൽ സ്ഥാപിക്കണം
ഈ റോഡിന്റെ പണി പൂർത്തീകരിച്ച വേളയിൽ തന്നെ രാത്രിയിലുൾപ്പടെ വളവ് തിരിച്ചറിയാൻ കഴിയും വിധമുള്ള സിഗ്നൽ സ്ഥാപിക്കണമെന്ന് അധികാരികളോട് നാട്ടുകാരും ക്ഷേത്ര ഭരണ സമിതിയും അവശ്യപ്പെട്ടിരിന്നു.എന്നാൽ അധികൃതർ ഈ അവശ്യം പരിഗണിച്ചതേയില്ല.കഴിഞ്ഞ ദിവസം പുലർച്ചെ ഒരു കുടുംബം സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് മൈതാനത്തേക്ക് ഇടിച്ചിറങ്ങിയെങ്കിലും ഭാഗ്യം കൊണ്ട് അപകടം ഒഴിവായി. അടിയന്തരമായി ഇവിടെ സിഗ്നൽ ബോർഡോ സൈഡ് ബാരിക്കേഡോ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്.