കൊല്ലം: ദേശീയപാത വികസനത്തിന്റെ ഭാഗമായി വാഹനങ്ങൾ സർവീസ് റോഡ് വഴി തിരിച്ചുവിട്ടതോടെ കൊട്ടിയം ജംഗ്ഷൻ കുരുങ്ങി. ഇന്നലെ വൈകിട്ട് തിരക്കേറിയ സമയത്തു നടത്തിയ പരിഷ്കാരമാണ് കുരുക്കിന് ഇടയാക്കിയത്.
തിരുവനന്തപുരത്തു നിന്നു വന്ന വാഹനങ്ങൾ പുതിയ സർവീസ് റോഡ് വഴി കൊല്ലത്തേക്കു കടത്തിവിട്ടു. ഇതോടെ തിരുവന്തപുരം ഭാഗത്ത് നിന്നുള്ള ഗതാഗതം സ്തംഭിച്ചു. വാഹനങ്ങളുടെ നിര മൈലക്കാട് വരെ നീണ്ടു. പൊലീസും ദേശീയപാത അതോറിട്ടിയും വേണ്ട രീതിയിൽ ആലോചിക്കാതെ പെട്ടെന്ന് ഗതാഗത പരിഷ്‌കരണം നടത്തിയതാണ് ഗതാഗത കുരുക്കിന് ഇടയാക്കിയത്. ആംബുലൻസുകൾ അടക്കം 25 മിനിട്ടോളമാണ് കുരുക്കിൽപ്പെട്ടത്. കൊല്ലത്ത് നിന്നുള്ള വാഹനങ്ങൾ കൊട്ടിയം കടക്കാനും ബുദ്ധിമുട്ടി. മയ്യനാട് നിന്നുള്ള വാഹനങ്ങൾ സർവീസ് റോഡിലേക്ക് പ്രവേശിക്കാനും ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്.