aswasa
ആശ്വാസ കിരണം

കൊല്ലം: മാനസിക - ശാരീരിക വെല്ലുവിളി നേരിടുന്നവരെയും മറ്റ് ഗുരുതര രോഗങ്ങൾ ബാധിച്ച് കിടപ്പിലായവരെയും പരിചരിക്കുന്ന ബന്ധുക്കൾക്ക് ധനസഹായം നൽകുന്ന ആശ്വാസ കിരണം പദ്ധതിയിൽ ഗുണഭോക്താക്കൾക്ക് കിട്ടാനുള്ളത് 20 മാസത്തെ കുടിശ്ശിക.

ധനസഹായം നൽകുന്നതിനുള്ള പണം സംസ്ഥാന സർക്കാരിൽ നിന്ന് ലഭിക്കുന്നില്ലെന്നാണ് പദ്ധതി നടത്തിപ്പ് ചുമതലയുള്ള സാമൂഹ്യ സുരക്ഷാ മിഷൻ അധികൃതർ പറയുന്നത്.

പ്രതിഷേധം ശക്തമായതോടെ കഴിഞ്ഞ ആഗസ്റ്റിൽ 2022 മേയ് വരെയുള്ള കുടിശ്ശികയായ 13 മാസത്തെ തുക ഒരുമിച്ച് വിതരണം ചെയ്തിരുന്നു. ഇതിന് ശേഷം ഒരു മാസത്തെ തുക പോലും നൽകിയിട്ടില്ല. 600 രൂപ മാത്രമാണ് പ്രതിമാസ സഹായമെങ്കിലും ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്നവർക്ക് വലിയ ആശ്വാസമാണ്.

എന്നാൽ തുക വർദ്ധിപ്പിക്കണമെന്ന ആവശ്യവും കഴിഞ്ഞ മൂന്ന് വർഷമായി പുതിയ അപേക്ഷകളും സർക്കാർ പരിഗണിക്കുന്നില്ല. ഓഫീസുകൾ കയറിയിറങ്ങി വാങ്ങിയ രേഖകൾ സഹിതം നൽകിയ അപേക്ഷകളെല്ലാം സാമൂഹ്യ സുരക്ഷാ മിഷൻ ഓഫീസിൽ കെട്ടിക്കിടക്കുകയാണ്.


ആനുകൂല്യം മുടങ്ങൽ മുന്നോട്ട്

 ഓട്ടിസം, സെറിബ്രൽ പാഴ്സി, ബുദ്ധിവൈകല്യം, നൂറ് ശതമാനം അന്ധത ബാധിച്ചവർ, കാൻസർ ബാധിച്ച് കിടപ്പിലായവർ, പ്രായാധിക്യം കാരണം കിടപ്പിലായവർ, ബ്രിട്ടിൽ ബോൺ രോഗബാധിതർ, മറ്റ് രോഗങ്ങൾ ബാധിച്ച് കിടപ്പിലായവർ എന്നിവരെ പരിചരിക്കുന്ന ബന്ധുക്കൾക്ക്

 കിടപ്പുരോഗികളെ പരിചരിക്കുന്നവർക്ക് മറ്റ് ജോലികൾക്ക് പോകാനാവില്ല

 പലരും ജോലി ഉപേക്ഷിച്ചാണ് പരിചരിക്കുന്നത്

 ധനസഹായം അയ്യായിരം രൂപയായി ഉയർത്തണമെന്ന് ആവശ്യം

കുടിശ്ശികയായിട്ട് - 20 മാസം

പ്രതിമാസ സഹായം - ₹ 600

ഓരോ ഗുണഭോക്താവിനും കിട്ടാനുള്ളത് ₹ 12000

സർക്കാർ ഫണ്ട് തരുന്നില്ലെന്നാണ് സാമൂഹ്യ സുരക്ഷാ മിഷനിൽ നിന്ന് ലഭിക്കുന്ന മറുപടി. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ഇത്രയധികം കുടിശ്ശിക ഉണ്ടായിട്ടില്ല.

സുധാമണി ടീച്ചർ, കലയ്ക്കോട്