കൊട്ടാരക്കര: ജനകീയ മന്ത്രിസഭ ജനങ്ങളിലേക്ക് എന്ന സന്ദേശമുയർത്തി മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിനായി കൊട്ടാരക്കരയിൽ ഒരുക്കങ്ങൾ തകൃതി. കഴിഞ്ഞ ഒക്ടോബറിൽ കളക്ട്രേറ്റിൽ മന്ത്രി കെ.എൻ.ബാലഗോപാലിന്റെ അദ്ധ്യക്ഷതയിൽ എം.എൽ.എമാരുടെയും പ്രധാന ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നതുമുതലാണ് നവകേരള സദസിനായുള്ള ഒരുക്കങ്ങൾ തുടങ്ങിയത്. തുടർന്ന് കൊട്ടാരക്കരയിൽ മണ്ഡലം, പഞ്ചായത്ത്, വാർഡുതല മീറ്റിംഗുകൾ വലിയ ജനപങ്കാളിത്തത്തോടെ സംഘടിപ്പിച്ചു. ഇപ്പോൾ വാർഡുതലങ്ങളിൽ കുടുംബ സദസുകൾ സംഘടിപ്പിച്ചുവരികയാണ്. ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമാണ് ഓരോ യോഗങ്ങളും നിയന്ത്രിക്കുന്നത്. ഫ്ളക്സ് ബോർഡുകൾ, പോസ്റ്ററുകൾ, മറ്റ് അലങ്കാരങ്ങളൊക്കെ മണ്ഡലത്തിലുടനീളം സ്ഥാപിച്ചുകഴി‌ഞ്ഞു.

മെഗാ ഓപ്പൺ കാൻവാസ്

പ്രശസ്ത ചിത്രകാരൻമാരെ പങ്കെടുപ്പിച്ചുകൊണ്ട് 13ന് മെഗാ ഓപ്പൺ കാൻവാസ് സംഘടിപ്പിക്കും. രാവിലെ 10ന് നഗരസഭ ഓഫീസ് അങ്കണത്തിലാണ് പരിപാടി നടക്കുന്നത്. പൊതുജനങ്ങൾക്കും വരയ്ക്കാൻ സൗകര്യമുണ്ടാകും.

കൂട്ടയോട്ടം

നവകേരള സദസിന്റെ സന്ദേശമറിയിച്ചുള്ള കൂട്ടയോട്ടം 13ന് രാവിലെ 8ന് നടക്കും. ഗവ.ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്തുനിന്ന് തുടങ്ങി പുലമൺ കവലയിൽ സമാപിക്കും.

കവിയരങ്ങ്, തിരുവാതിരകളി, നൃത്തനൃത്യങ്ങൾ, പഞ്ചായത്തുതല വിളംബര ജാഥകൾ തുടങ്ങി നിരവധി പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.

18ന് നവകേരള സദസ്

17ന് രാത്രിയോടെ മുഖ്യമന്ത്രിയും മന്ത്രിമാരും പരിവാരങ്ങളും കൊട്ടാരക്കരയിലെത്തും. രാത്രിയുറക്കത്തിനും പ്രഭാത യോഗത്തിനും ശേഷം ഇവിടെ നിന്ന് പുറപ്പെടും. 18ന് വൈകിട്ട് മൂന്നരയോടെയാണ് നവകേരള സദസ് കൊട്ടാരക്കരയിൽ തുടങ്ങുക. പുലമൺ ജൂബിലി മന്ദിരത്തിൽ ഇതിനായി വലിയ സംവിധാനങ്ങളൊരുക്കും. ഉച്ചയോടുകൂടി പ്രസീദ ചാലക്കുടിയും സംഘവും അവതരിപ്പിക്കുന്ന നാടൻപാട്ടുണ്ടാകും.

വിളംബര ഘോഷയാത്ര

നവകേരള സദസുമായി ബന്ധപ്പെട്ട വിളംബര ഘോഷയാത്ര 15ന് നടക്കും. വൈകിട്ട് 3ന് കച്ചേരി ജംഗ്ഷനിൽ നിന്നും ആരംഭിക്കും.

കൊട്ടാരക്കര മണ്ഡലത്തിൽ നവകേരള സദസിന് വലിയ ജനപങ്കാളിത്തമുണ്ടാകുമെന്നാണ് പ്രതീക്ഷ. മണ്ഡലം, പഞ്ചായത്തുതല സംഘാടക സമിതി യോഗങ്ങളിൽ പങ്കെടുത്തിരുന്നു. വാർഡുതലങ്ങളിൽക്കൂടി എത്തണമെന്ന ആഗ്രഹമുണ്ടായിരുന്നുവെങ്കിലും നവകേരള സദസിന് തുടക്കമിട്ടതിനാൽ സമയം ലഭിച്ചില്ല. എന്നാൽ വേണ്ടുന്ന തരത്തിൽ എല്ലാ ദിവസവും ഇടപെടുന്നുണ്ട്. ഒരുപാടുപേർക്ക് ഗുണകരമാകുന്ന നവകേരള സദസ് പൊതുസമൂഹം പരമാവധി പ്രയോജനപ്പെടുത്തണം. കെ.എൻ.ബാലഗോപാൽ, മന്ത്രി