tap
അഞ്ചാലുംമൂട് പോസ്‌റ്റ് ഓഫീസ്- മുരുന്തൽ കായൽ വാരം റോഡിൽ കോൺക്രീറ്റിന് അടിയിൽ സ്ഥാപിച്ചിരിക്കുന്ന പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നു.

അഞ്ചാലുംമൂട്: അഞ്ചാലുംമൂട് പോസ്റ്റ് ഓഫീസ്- മുരുന്തൽ കായൽവാരം റോഡിൽ കുടിവെള്ള പൈപ്പ് പൊട്ടി ജലം പാഴാകാൻ തുടങ്ങി ഒരുവർഷത്തോളമായിട്ടും നടപടിയെടുക്കാതെ അധികൃതർ. മുന്നൂറോളം കുടുംബങ്ങളാണ് ഇതോടെ ദുരിതത്തിലായത്.

കഴിഞ്ഞ ഏപ്രിലിലാണ് കായൽവാരം റോഡിന് അടിയിലൂടെ കടന്ന് പോകുന്ന പൈപ്പ് പൊട്ടി വെള്ളമൊഴുകാൻ തുടങ്ങിയത്. വിവരം നാട്ടുകാരും മുരുന്തൽ സുരഭി റസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികളും അധികൃതരെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. പ്രദേശത്തെ മിക്ക വീടുകളിലും കിണർ ഇല്ലാത്തതിനാൽ വാട്ടർ അതോറിട്ടിയുടെ പൈപ്പിൽ നിന്നാണ് വീട്ടാവശ്വത്തിന് വെള്ളം ശേഖരിച്ചിരുന്നത്. ഇതു മുടങ്ങിയതോടെ ദൂരെ സ്ഥലങ്ങളിൽ നിന്നു വെള്ളം കൊണ്ടുവന്നാണ് ഉപയോഗിക്കുന്നത്.

നാടിന്റെ ദുരിതം വാട്ടർ അതോറിട്ടി അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ കോൺക്രീറ്റ് പൊളിച്ച് പുതിയ പൈപ്പിടാനുള്ളള്ള ഫണ്ട് തങ്ങളുടെ പക്കലില്ല എന്നും കോർപ്പറേഷൻ ഫണ്ട് അനുവദിച്ചാൽ മാത്രമേ പൈപ്പ് പൊട്ടിയത് നന്നാക്കാനാകൂ എന്നുമായിരുന്നു നിലപാട്.

നിലവിൽ റോഡിന്റെ ഒരുവശം പൊളിച്ചാൽ മാത്രമേ പൊട്ടിയ പൈപ്പിന്റെ തകരാർ പരിഹരിക്കാനാകു കായൽവാരം റോഡിന്റെ താഴെ ഭാഗത്തുള്ള പൈപ്പിൽ നിന്നാണ് വെള്ളം പാഴാകുന്നത്.

സമരത്തിനൊരുങ്ങി നാട്ടുകാർ

പൈപ്പ് പൊട്ടി ഒരുവർഷമായിട്ടും തകരാർ പരിഹരിക്കാൻ അധികൃതർ നടപടിയെടുക്കാത്തതിനെ തുടർന്ന് നാട്ടുകാർ പ്രതിഷേധ പരിപാടികളിലേക്ക് കടക്കാനൊരുങ്ങുന്നു. കഴിഞ്ഞ ദിവസം സുരഭി റസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികളും നാട്ടുകാരും വാട്ടർ അതോറിട്ടി അധികൃതരെയും മേയറെയും പരാതി അറിയിച്ചിരുന്നു. തുടർന്ന് ശക്തികുളങ്ങര ഭാഗത്ത് നടപ്പാക്കുന്ന കോർപ്പറേഷൻ റൂറൽ അഗ്ലമേഷൻ പദ്ധതിയിൽ അഞ്ചാലുംമൂട്ടിലെ പൈപ്പ് പൊട്ടിയ കായൽവാരം ഭാഗം കൂടി ഉൾപ്പെടുത്താമെന്ന് അറിയിച്ചു. പൈപ്പ് മാറ്റി സ്ഥാപിക്കാൻ വാട്ടർ അതോറിട്ടിയിൽ കോർപ്പറേഷൻ ഒരു കോടി രൂപ അടയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ടെൻഡർ നടപടികൾ പൂർത്തിയാക്കി പൈപ്പ് മാറ്റിക്കൊടുക്കേണ്ട ഉത്തരവാദിത്വം വാട്ടർഅതോറിട്ടിക്കാണ്.