പുനലൂർ: നഗരസഭ കൗൺസിൽ യോഗങ്ങളുടെ മിനിറ്റ്സ് സമയാ സമയങ്ങളിൽ രേഖപ്പെടുത്തിയില്ലെന്ന് ആരോപിച്ച് പുനലൂർ നഗരസഭയിലെ യു.ഡി.എഫ് കൗൺസിലർമാർ തദ്ദേശ സ്വയംഭരണ വകുപ്പിന് നൽകിയ പരാതിയെ തുടർന്ന് നഗരസഭ കാര്യാലയത്തിൽ വിജിലൻസ് പരിശോധന ആരംഭിച്ചു. നഗര കാര്യ അസി.ഡയറക്ടറും ആഭ്യന്തര വിജിലൻസ് ഓഫീസറുമായ ജെ.ആർ.ലാൽകുമാറിന്റെ നേതൃത്വത്തിലുളള ഉദ്യോഗസ്ഥർ രാവിലെ 10.30 മുതൽ വൈകിട്ട് 5വരെ പരിശോധന നടത്തി. കൗൺസിൽ യോഗങ്ങളുടെ മിനിറ്റ്സ് 8 മാസം രേഖപ്പെടുത്തിയത് ഉൾപ്പെടെ 22 വിവരങ്ങൾ കാണിച്ചായിരുന്നു 14 പ്രതിപക്ഷ കൗൺസിലർമാർ പരാതി നൽകിയത്.തുടർന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറുടെ നിർദ്ദേശത്തെ തുടന്നായിരുന്നു വിജിലൻസ് അന്വേഷണം ആരംഭിച്ചത്. തിങ്ങളാഴ്ച രാവിലെ 11ന് പരാതിക്കാരായ കൗൺസിലർമാർ നഗരസഭയിൽ നേരിട്ടെത്തി വിശദീകരണം കേൾക്കണമെന്ന് കാണിച്ച് പരിശോധക സംഘം കത്തും നൽകി. മിനിറ്റ്സിന്റെ പകർപ്പ് ആവശ്യപ്പെട്ട് യു.ഡി.എഫ് കൗൺസിലർമാർ കൗൺസിൽ ഹാളിന് അകത്തും പുറത്തും നിരവധി സമരവും നടത്തിയിരുന്നു. കഴിഞ്ഞ മാസം 10ന് മിനിറ്റ്സിന്റെ പകർപ്പ് ആവശ്യപ്പെട്ട് യു.ഡി.എഫ് കൗൺസിലർമാർ ഹാളിന് പുറത്ത് ഉപരോധ സമരം നടത്തിയിരുന്നു. ഉപരോധ സമരത്തിനിടെ ഭരണ, പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാക്കേറ്റവും കൈയേറ്റവും ഉണ്ടാകുകയും രണ്ട് വിഭാഗങ്ങളിലെയും 5പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പിന്നീട് യു.ഡി.എഫ് കൗൺസിലർമാർ അനിശ്ചിതകാല സത്യഗ്രഹം ആരംഭിക്കുകയും തദ്ദേശ സ്വയംഭരണ വകുപ്പിൽ പരാതി നൽകുകയുമായിരുന്നു. പിന്നീട് മിനിറ്റ്സിന്റെ പകർപ്പും ലഭിച്ച ശേഷമാണ് കൗൺസിലർമാർ സത്യഗ്രഹ സമരം അവസാനിപ്പിച്ചത്. പ്രതിപക്ഷ നേതാവ് ജി.ജയപ്രകാശ്, കൗൺസിലർമാരായ എൻ.സുന്ദരേശൻ, സാബുഅലക്സ്, കെ.കനകമ്മ, പൊടിയൻ പിള്ള തുടങ്ങിയ 14 യു.ഡി.എഫ് കൗൺസിലർമാരായിരുന്നു പരാതി നൽകിയത്.