കോഴഞ്ചേരി: വൃദ്ധർ തനിച്ച് താമസിക്കുന്ന വീട്ടിലെത്തി ബാംബൂ കർട്ടൻ ഇട്ടശേഷം അവരെ കബളിപ്പിച്ച് അമിതകൂലി കൈക്കലാക്കിയ കേസിൽ മൂന്നുപേരെ ആറന്മുള പൊലീസ് അറസ്റ്റ് ചെയ്തു.
കരുനാഗപ്പള്ളി തഴവ വെട്ടുവിളശേരിൽ ഹാഷിം (46), ശൂരനാട് തെക്കേമുറി അൻസു മൻസിൽ അൻസിൽ (26), ശൂരനാട് കക്കാക്കുന്ന് കടമ്പാട്ട് വിള തെക്കേതിൽ റിയാസ് (25) എന്നിവരാണ് പിടിയിലായത്. കർട്ടൻ വിൽപ്പനയ്ക്കായി വാഹനത്തിൽ കറങ്ങിനടന്ന് പ്രായമായ ആളുകൾ മാത്രം താമസിക്കുന്ന വീടുകൾ കണ്ടെത്തുന്നതാണ് ഇവരുടെ രീതി. നവംബർ 30ന് ആറന്മുള സ്വദേശിയായ പ്രായമായ സ്ത്രീയുടെ വീട്ടിലെത്തി സ്‌ക്വയർ ഫീറ്റിന് 200 രൂപ നിരക്കിൽ ബാംബൂ കർട്ടൻ ഇട്ടുനൽകാമെന്ന് പറഞ്ഞു. കർട്ടൻ ഇട്ട ശേഷം 45000 രൂപ വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
പതിനാലായിരം രൂപ പണമായി നൽകിയ സ്ത്രീയോട്, ബാക്കി തുകയ്ക്കായി രണ്ട് ബ്ലാങ്ക് ചെക്കുകൾ വാങ്ങി മടങ്ങി. ഇത് ബാങ്കിൽ നൽകി 85,000 രൂപ പിൻവലിച്ചു. 10000 രൂപയിൽ താഴെ മാത്രം വിലയുള്ള കർട്ടൻ സ്ഥാപിച്ച ശേഷം 99,000 രൂപ ഇവർ ഈടാക്കിയതായി അന്വേഷണത്തിൽ കണ്ടെത്തി. ഇവർ സഞ്ചരിച്ച വാഹനം പിടിച്ചെടുത്തിട്ടുണ്ട്.
ജില്ലാ പൊലീസ് ചീഫ് വി.അജിത്തിന്റെ നിർദ്ദേശപ്രകാരം, പത്തനംതിട്ട ഡിവൈ.എസ്.പി. എസ് നന്ദകുമാറിന്റെ മേൽനോട്ടത്തിൽ ആറന്മുള പൊലീസ് ഇൻസ്‌പെക്ടർ സി.കെ.മനോജ്, എസ്.ഐ അലോഷ്യസ്, എസ്.ഐ ജയൻ, എസ്.ഐ നുജൂം, എസ്.ഐ.ഹരീന്ദ്രൻ, എ.എസ്.ഐ വിനോദ്, എസ്.സി.പി.ഒ സലിം, സി.പി.ഒ സെയ്ഫുദ്ദീൻ, കിരൺ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തുന്നത്.