കൊല്ലം: നിലവിൽ സംസ്ഥാന സർക്കാർ സജ്ജീകരിച്ചിട്ടുള്ള സൗകര്യങ്ങൾ ഉപയോഗിച്ച് കൊല്ലം പോർട്ടിൽ എമിഗ്രേഷൻ ചെക്ക് പോസ്റ്റ് പ്രവർത്തനം ആരംഭിക്കണമെന്നും കേന്ദ്ര സർക്കാരിന്റെ നിബന്ധന പ്രകാരമുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിന് കൂടുതൽ സമയം അനുവദിക്കണമെന്നും എൻ.കെ.പ്രേമചന്ദ്രൻ എം.പി ലോക് സഭയിൽ ആവശ്യപ്പെട്ടു.

കൊല്ലം പോർട്ട് വികസനത്തിന് തടസമായിട്ടുള്ളത് എമിഗ്രേഷൻ ചെക്ക് പോസ്റ്റിന്റെ അഭാവമാണ്. ചരക്ക് സേവനം, ഇറക്കുമതി, യാത്രക്കാർക്കുള്ള സേവനം, അറ്റകുറ്റപ്പണികൾ, ക്രൂ ചേഞ്ച് തുടങ്ങി വിദേശകപ്പലുകൾക്ക് ഉൾപ്പെടെ വിവിധ സേവനങ്ങൾ നൽകാൻ കൊല്ലം തുറമുഖത്തിന് കഴിയും. രാജ്യാന്തര കപ്പൽ ചാലിനോട് ഏറ്റവും അടുത്ത് കിടക്കുന്നതിനാൽ കടൽക്ഷോഭമുണ്ടാകുമ്പോൾ കപ്പലുകൾക്ക് സുരക്ഷിതമായി കൊല്ലം പോർട്ടിൽ നങ്കൂരമിടാം. ഇങ്ങനെ ധാരാളം വിദേശകപ്പലുകൾക്ക് കൊല്ലം തുറമുഖത്തിന്‌ സേവനം നൽകാൻ കഴിയും.

പോർട്ട് സജീവമായാൽ ജില്ലയുടെ വ്യാപാര, വാണിജ്യ, ചരക്കുനീക്ക, തൊഴിൽ രംഗങ്ങളിലും വലിയ മുന്നേറ്റമുണ്ടാകും. എന്നാൽ കേന്ദ്ര സർക്കാരിന്റെ നിബന്ധനകളിൽ പറഞ്ഞിട്ടുള്ള പ്രകാരം മുഴുവൻ സൗകര്യങ്ങളും സജ്ജമാക്കാൻ സംസ്ഥാന സർക്കാരിന് കഴിഞ്ഞിട്ടില്ലെന്നും എ.പി ചൂണ്ടിക്കാട്ടി.

കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ഭരണ നടപടി ക്രമങ്ങളിലെ ഗുരുതര കാലതാമസമാണ് കൊല്ലം തുറമുഖത്തിന്റെ വികസനം തടസപ്പെടുത്തുന്നത്. എമിഗ്രേഷൻ ചെക്ക് പോസ്റ്റ് അനുവദിക്കാനുള്ള നടപടികൾ എത്രയും വേഗം സ്വീകരിക്കണം.

എൻ.കെ.പ്രേമചന്ദ്രൻ എം.പി