കൊല്ലം: വിജയശതമാനം കൂട്ടാൻ ഗുണനിലവാരം ഇല്ലാതാക്കിയത് പൊതുവിദ്യാഭ്യാസത്തിന്റെ തകർച്ചയ്ക്ക് കാരണമായെന്ന് കെ.പി.എസ്.ടി.എ ജില്ലാ കമ്മിറ്റി. ദേശീയ സർവേകളിലും പരീക്ഷകളിലും കേരളത്തിലെ വിദ്യാർത്ഥികൾ പിന്നാക്കം പോവുകയാണ്. 96 ലെയും 2007ലെയും പാഠ്യപദ്ധതി പരിഷ്കരണങ്ങളാണ് പ്രസക്തി നഷ്ടപ്പെടുത്തിയത്.

ഡി.പി.ഇ.പിയും മതമില്ലാത്ത ജീവനും പോലെയുള്ള പാഠപുസ്തകങ്ങൾ പരീക്ഷയുടെ പ്രസക്തി ഇല്ലാതാക്കി. 2013 ലെ പാഠ്യപദ്ധതി പരിഷ്കരണമാണ് പരീക്ഷാ സമ്പ്രദായം തിരിച്ചുകൊണ്ടുവന്നത്. വിജയശതമാനം വർദ്ധിപ്പിക്കാനുള്ള ഉദാര സമീപനം ഗൗരവകരമായ പഠനത്തിന് വിധേയമാക്കണം. വകുപ്പും വകുപ്പ് തലവനും വിഭിന്ന അഭിപ്രായങ്ങൾ പറയുന്നത് പൊതുവിദ്യാഭ്യാസത്തിന്റെ വിശ്വാസ്യതയെ ബാധിക്കുമെന്നും ജില്ലാകമ്മിറ്റി കുറ്റപ്പെടുത്തി. പരീക്ഷാ രീതിയിൽ ഗ്രേഡിംഗിനൊപ്പം സ്കോർ കൂടി നൽകണമെന്നും സംഘടന ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് പരവൂർ സജീബ് അദ്ധ്യക്ഷനായി.

സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ ബി.ജയചന്ദ്രൻ പിള്ള, വൈ.നാസറുദ്ദീൻ എ.ഹാരിസ്, സി.സാജൻ, പി.എസ്.മനോജ്, പി.മണികണ്ഠൻ, ജില്ലാ സെക്രട്ടറി എസ്.ശ്രീഹരി തുടങ്ങിയവർ സംസാരിച്ചു.