cc
അച്ഛൻകോവിൽ ഗവ.എൽ.പി സ്‌കൂളിൽ നടന്ന അക്ഷയ ബിഗ് ക്യാമ്പയിൻ ഫോർ ഡോക്യൂമെന്റ് ഡിജിറ്റലൈസേഷൻ (എ.ബി.സി.ഡി ) പരിപാടിയിൽ ജില്ലാ കളക്ടർ എൻ.ദേവിദാസ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നു

കൊല്ലം: ആദിവാസികൾക്ക് ബാങ്ക് അക്കൗണ്ട് അടക്കുള്ള ആവശ്യ രേഖകൾ ലഭ്യമാക്കി അക്ഷയ ബിഗ് ക്യാമ്പയിൻ ഫോർ ഡോക്യുമെന്റ് ഡിജിറ്റലൈസേഷൻ (എ.ബി.സി.ഡി) പദ്ധതി.

84 പേർക്ക് ജനനസർട്ടിഫിക്കറ്റ്, 47 പേർക്ക് റേഷൻ കാർഡ്, 24 പേർക്ക് തൊഴിൽ കാർഡ്, 37 പേർക്ക് ബാങ്ക് അക്കൗണ്ട്, 87 പേർക്ക് ഇലക്ഷൻ ഐ.ഡി, 22 പേർക്ക് ആധാർകാർഡ് ഉൾപ്പെടെ 519 പേർക്ക് വിവിധ രേഖകൾ ലഭ്യമാക്കി. കൂടാതെ 20 പേർക്ക് ഇവ ഡിജിറ്റൽ ലോക്കറിലാക്കി സൂക്ഷിക്കാനും സൗകര്യമൊരുക്കി. പട്ടികവർഗ വികസന വകുപ്പിന്റെ നേതൃത്വത്തിൽ അച്ചൻകോവിൽ ഗവ. എൽ.പി സ്‌കൂളിൽ നടത്തിയ പരിപാടി ജില്ലാ കളക്ടർ എൻ.ദേവിദാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം അനിൽകുമാർ അദ്ധ്യക്ഷനായി. അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന മുരളി, ആര്യങ്കാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജ തോമസ്, ത്രിതല പഞ്ചായത്തംഗങ്ങൾ, പുനലൂർ ആർ.ഡി.ഒ ശശികുമാർ, അച്ചൻകോവിൽ ഡി.എഫ്.ഒ അനീഷ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

വരുമാനം ഉറപ്പാക്കി ട്രൈബൽ പ്ലസ്
 സംസ്ഥാന സർക്കാരിന്റെയും പട്ടിക വർഗ വികസന വകുപ്പിന്റെയും ആഭിമുഖ്യത്തിൽ 100 തൊഴിൽ ദിനം പൂർത്തീകരിച്ച പട്ടിക വർഗ കുടുംബങ്ങൾക്ക് അധികമായി 100 തൊഴിൽ ദിനം കൂടി നൽകുന്ന പദ്ധതിയാണ് ട്രൈബൽ പ്ളസ്

 നടപ്പ് സാമ്പത്തിക വർഷം 1048 കുടുംബങ്ങൾ ജോലിക്കെത്തി

 519 കുടുംബങ്ങൾക്ക് 100 ദിവസം തൊഴിൽ നൽകി

 500 കുടുംബങ്ങൾക്ക് 200 ദിവസം തൊഴിൽ നൽകുകയാണ് ലക്ഷ്യം

 ഇതുവരെ ശരാശരി തൊഴിൽ ദിനങ്ങൾ 98

 തൊഴിൽ നൽകുന്നതിൽ ജില്ല സംസ്ഥാനത്ത് ഒന്നാമത്

തൊഴിലിനെത്താത്തവരെ തൊഴിലിടങ്ങളിൽ എത്തിക്കാൻ ത്രിതല പഞ്ചായത്ത് ഉദ്യോഗസ്ഥരും എസ്.ടി പ്രൊമോട്ടർമാരും ഗൃഹ സന്ദർശനം നടത്തുന്നുണ്ട്.

പട്ടിക വർഗ വികസന വകുപ്പ് അധികൃതർ