കൊല്ലം: പ്രത്യയശാസ്ത്രത്തെപ്പോലെ, വെളിയം ഭാർഗവൻ എന്ന രാഷ്ട്രീയ അതികായനെ ആരാധിച്ചിരുന്ന ജില്ലയിലെ സി.പി.ഐയെ പിടിച്ചുലച്ച് കൈവെള്ളയിലാക്കിയ കരുത്തനാണ് കൊല്ലത്തിന് കാനം രാജേന്ദ്രൻ. സംസ്ഥാന സെക്രട്ടറിയായി എത്തുമ്പോൾ പ്രതിപക്ഷത്തെപ്പോലെ നിന്ന കൊല്ലത്തെ പാർട്ടിയെ കൈപ്പിടിയിലാക്കിയ അദ്ദേഹത്തിന്റെ ചടുല നീക്കങ്ങൾ സിപി.ഐയുടെ ചരിത്രത്തിലെ മാസ്മരിക അദ്ധ്യായം കൂടിയാണ്.
എ.ഐ.വൈ.എഫ്, എ.ഐ.ടി.യു.സി കാലത്തെ ചെറിയ സൗഹൃദങ്ങൾ മാത്രമുണ്ടായിരുന്ന കൊല്ലത്ത് അതിവേഗമാണ് അദ്ദേഹം കാനം ഗ്രൂപ്പ് സൃഷ്ടിച്ചത്. ജില്ലാ നേതൃത്വത്തിൽ ന്യൂനപക്ഷമായിരുന്ന കാനം ഗ്രൂപ്പ് അതിവേഗം ജില്ലയിലെ തന്നെ പ്രബല വിഭാഗമായി. കഴിഞ്ഞ സമ്മേളന കാലയളവിൽ നിർണായക തീരുമാനങ്ങളെടുക്കുന്ന ഘട്ടങ്ങളിലെല്ലാം സി.പി.ഐ ജില്ലാ നേതൃത്വത്തിൽ രണ്ട് ചേരികളായി തിരിഞ്ഞുള്ള പോർവിളികൾ പതിവായിരുന്നു. ഈ ഘട്ടങ്ങളിൽ ഗ്രൂപ്പിന് അതീതമായി സംഘടനാ മെരിറ്റിൽ അടിസ്ഥാനമാക്കിയുള്ള തീരുമാനങ്ങൾ കർശനമായി നടപ്പാക്കി അദ്ദേഹം ജില്ലയിലെ വിഭാഗീയതയുടെ വേര് തകർക്കുകയായിരുന്നു.
അഞ്ചര പതിറ്റാണ്ട് മുമ്പ് എ.ഐ.വൈ.എഫിന്റെ ജാഥ നയിച്ച് പോകുമ്പോഴാണ് കൊല്ലം കാനത്തെ ആദ്യമായി കാണുന്നത്. കൊല്ലത്ത് നടന്ന സി.പി.ഐ പാർട്ടി കോൺഗ്രസിന്റെ ജനറൽ കൺവീനറായിരുന്ന അദ്ദേഹം ഒരുമാസത്തിലേറെ കൊല്ലത്ത് തങ്ങിയിരുന്നു. സമ്മേളനത്തിന്റെ ഉദ്ഘാട സമ്മേളനത്തിൽ അദ്ധ്യക്ഷനായ ഗുരുദാസ് ദാസ് ഗുപ്ത ഈ മഹാസമ്മേളനത്തിന്റെ മുഖ്യശില്പി എന്ന് അദ്ദേഹത്തെ വിശേഷിപ്പിച്ചതും കൊല്ലം മറന്നിട്ടില്ല. പാർട്ടി കോൺഗ്രസ് സംഘാടനത്തിന്റെ ആലോചനകൾക്കിടയിൽ അദ്ദേഹം ഒരു സ്വപ്നം കണ്ടു. തന്റെ രാഷ്ട്രീയ ഗുരുവായിരുന്ന സി.കെ.ചന്ദ്രപ്പന് കൊല്ലത്ത് ഉജ്ജ്വല സ്മാരകം തീർക്കണം. ജില്ലയിലെ ഏറ്റവും വലിയ സ്മാരകമായി സി.കെ.ചന്ദ്രപ്പൻ പഠനഗവേഷണ കേന്ദ്രം അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പൂർത്തിയാക്കി മാസങ്ങൾക്ക് മുമ്പാണ് പാർട്ടിക്ക് സമർപ്പിച്ചത്.
ചരിത്ര തീരുമാനം
ഗൗരിഅമ്മയ്ക്ക് ശേഷം സി.പി.ഐയുടെ ചരിത്രത്തിൽ രണ്ടാമത്തെ വനിതാ മന്ത്രിയെന്ന ചരിത്രം ജെ.ചിഞ്ചുറാണിയിലൂടെ സൃഷ്ടിച്ചതും കാനത്തിന്റെ കരുത്തിന്റെ അടയാളമാണ്. സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് ചടയമംഗലത്തുണ്ടായ തർക്കങ്ങളെയെല്ലാം അവഗണിച്ച് നാല് സീറ്റിൽ മത്സരിക്കുന്ന ജില്ലയിൽ ഒരു വനിതാ സ്ഥാനാർത്ഥിയുണ്ടാകണമെന്ന തീരുമാനം കർശനമാക്കി ചിഞ്ചുറാണിയെ സ്ഥാനാർത്ഥിയാക്കുകയായിരുന്നു.