photo
കരുനാഗപ്പള്ളിയിലെ ഒരു വില്ലേജ് ഓഫീസ്.

കരുനാഗപ്പള്ളി: വില്ലേജ് ഓഫീസുകളിൽ മതിയായ ജീവനക്കാരില്ലാത്തതിനാൽ നാട്ടുകാർ വലയുന്നു. കരുനാഗപ്പള്ളി താലൂക്കിൽ 17 വില്ലേജ് ഓഫീസുകളാണുള്ളത്. ഇവിടങ്ങളിലെല്ലാം വില്ലേജ് ഓഫീസർ ഉൾപ്പടെ 5 ജീവനക്കാർ മാത്രമാണുള്ളത്. വിവിധ ആവശ്യങ്ങളുമായി വില്ലേജോഫീസുകളിൽ എത്തുന്നവർ കാര്യങ്ങൾ സാധിക്കാനായി ദിവസങ്ങളോളം വില്ലേജ് ഓഫീസുകൾ കയറി ഇറങ്ങേണ്ട സ്ഥിതിയാണ്.

പഴകിയ സ്റ്റാഫ് പാറ്റേൺ

ആറ് പതിറ്റാണ്ടിന് മുമ്പുള്ള സ്റ്റാഫ് പാറ്റേൺ അനുസരിച്ചുള്ള ജീവനക്കാരാണ് ഇപ്പോഴും വില്ലേജ് ഓഫീസുകളിലുള്ളത്. പതിനായിരം ജനങ്ങൾക്ക് ഒരു വില്ലേജ് ഓഫീസ് എന്നതായിരുന്നു അന്നത്തെ കണക്ക്. എന്നാൽ ജനസംഖ്യ ക്രമാതീതമായി വർദ്ധിക്കുകയും ജനങ്ങളുടെ ആവശ്യങ്ങൾ ഉയരുകയും ചെയ്തെങ്കിലും വില്ലേജ് ഓഫീസുകളിലെ ജീവനക്കാരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിട്ടില്ല. നിലവിൽ ഒട്ടുമിക്ക വില്ലേജുകളിലെയും ജനസംഖ്യ അമ്പതിനായിരം മുതൽ ഒരു ലക്ഷത്തിന് മുകളിൽ വരെ വരുമെന്നാണ് കണക്കാക്കപ്പെടുന്നത്.

കെട്ടിക്കിടക്കുന്ന അപേക്ഷകൾ

ഭൂമി തരംതിരിക്കലുയി ബന്ധപ്പെട്ട അപേക്ഷകളാണ് വില്ലേജ് ഓഫീസുകളിൽ ഏറെയും തീർപ്പാകാതെ കിടക്കുന്നത്. ഭൂമി തരം തിരിച്ചപ്പോൾ ഉണ്ടായിട്ടുള്ള പിശകുകൾ പരിഹരിക്കാൻ വില്ലേജ് ഓഫീസുകളിൽ ആവശ്യമായ ജീവനക്കാർ ഇല്ലാത്തതാണ് നാട്ടുകാർക്ക് വിനയാകുന്നത്. ഇത്തരത്തിലുള്ള നൂറ് കണക്കിന് അപേക്ഷകളാണ് വില്ലേജ് ഓഫീസുകളിൽ തീർപ്പാകാതെ കെട്ടിക്കിടക്കുന്നത്. സർക്കാർ സർവീസിന് പുറത്തുള്ള ഏജൻസികളെ ഉപയോഗിച്ചാണ് ഭൂമി തരംതിരിക്കൽ നടപടികൾ സർക്കാർ പൂർത്തിയാക്കിയത്. അന്ന് കയറിക്കൂടിയ പിശകുകളാണ് ഇന്നും പരിഹരിക്കാൻ കഴിയാതെ കിടക്കുന്നത്. ഭൂമി തരംതിരിക്കലിനായി നൽകുന്ന അപേക്ഷകൾ പാലാക്കാട്ടെ ഭൂമിതരംതിരിക്കൽ ഓഫീസിലേക്കും തിരികെ താലൂക്ക് വില്ലേജ് ഓഫീസുകളിലേക്കും ഇട്ട് തട്ടിക്കളിക്കുകയാണ്. ഉദ്യോഗസ്ഥരുടെ ഫയൽ നീക്കം മൂലം കഷ്ടത്തിലാകുന്നത് സാധാരണ ജനങ്ങളുടെ ജീവിതമാണ്.