കൊല്ലം: സംസ്ഥാന ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന പുനർഗേഹം പദ്ധതിയിൽ ജില്ലയിൽ ഇതുവരെ 304 കുടുംബങ്ങൾക്ക് അടച്ചുറപ്പുള്ള വീടായി.
മൂന്ന് വീടുകളുടെ നിർമ്മാണം അവസാന ഘട്ടത്തിലാണ്.
തീരദേശത്ത് വേലിയേറ്റ രേഖയിൽ നിന്ന് 50 മീറ്റർ പരിധിക്കുള്ളിൽ കഴിയുന്ന മുഴുവൻ കുടുംബങ്ങളെയും സുരക്ഷിത മേഖലയിലേക്ക് പുനരധിവസിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് പുനർഗേഹം പദ്ധതി സംസ്ഥാന സർക്കാർ നടപ്പാക്കിയത്.
ജില്ലയിൽ 50 മീറ്റർ പരിധിക്കുള്ളിൽ 1580 കുടുംബങ്ങളുണ്ടെന്നാണ് സർവേയിലൂടെ കണ്ടെത്തിയത്. 567 കുടുംബങ്ങളാണ് മാറിത്താമസിക്കാൻ സന്നദ്ധത അറിയിച്ചത്. 557പേരുടെ ലിസ്റ്റിന് കളക്ടർ ഉൾപ്പെട്ട സമിതി അംഗീകാരവും നൽകി.
ഡിസ്ട്രിക്ട് ലെവൽ പർച്ചേസിംഗ് കമ്മിറ്റി 408 കുടുംബങ്ങൾക്ക് വസ്തു വാങ്ങാൻ അംഗീകാരം നൽകി. 370 പേരുടെ ഭൂമി രജിസ്ട്രേഷനും നടത്തി. ഇതിൽ 349 വീടുകളുടെ നിർമ്മാണമാണ് ആരംഭിച്ചത്.
തുക ലഭിച്ച് ഭൂമി രജിസ്റ്റർ ചെയ്തതിൽ 21 പേർ ഇതുവരെ നിർമ്മാണം ആരംഭിച്ചിട്ടില്ല. ആകെ അംഗീകാരം നൽകിയ 557ൽ 149 കുടുംബങ്ങൾക്ക് ഇതുവരെ ഭൂമി കണ്ടെത്താനായിട്ടില്ലെന്ന് ജില്ലാ ഫിഷറീസ് വകുപ്പ് അധികൃതർ വ്യക്തമാക്കി.
ഫണ്ട് ലഭിക്കുന്നതിൽ കാലതാമസം
ജില്ലയ്ക്ക് ഇനിയും ലഭിക്കാനുള്ളത് 1.17 കോടി
കഴിഞ്ഞമാസം അനുവദിച്ചത് 40 ലക്ഷം
തുക വൈകുന്നതിനാൽ സ്ഥലം കണ്ടെത്തിയ 14 കുടുംബങ്ങളുടെ ഭൂമി രജിസ്ട്രേഷൻ അടക്കമുള്ള തുടർ നടപടികൾ മുടങ്ങി
ഒരു കുടുംബത്തിന് അനുവദിച്ചത് 10 ലക്ഷം
സ്ഥലം വാങ്ങാൻ 6 ലക്ഷം
വീട് നിർമ്മിക്കാൻ 4 ലക്ഷം
കോ ഓഡിനേറ്റർ ഇല്ല
പദ്ധതി ഏകോപനത്തിന് ജില്ലയിൽ നിയമിച്ചിരുന്ന കോ ഓർഡിനേറ്ററെ കൊല്ലത്ത് നിന്ന് തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റി. പകരം ആളെ നിയമിച്ചിട്ടില്ല. ഗുണഭോക്താക്കളെ ചേർക്കാൻ നിയമിച്ച നാല് പ്രമോട്ടർമാരിൽ രണ്ടുപേരെ മാത്രമാണ് നിലനിറുത്തിയിരിക്കുന്നത്.
സ്ഥലം കണ്ടെത്തി വില നിശ്ചയിച്ച് എഗ്രിമെന്റ് തയ്യാറാക്കി ഫിഷറീസ് വകുപ്പിന് സമർപ്പിച്ചാലേ സ്ഥലം വാങ്ങാൻ അനുമതി ലഭിക്കൂ.
ഫിഷറീസ് വകുപ്പ് അധികൃതർ