കൊല്ലം: തീരദേശ ഹൈവേ വികസനത്തിന്റെ സാമൂഹ്യാഘാത പഠനത്തിൽ മുണ്ടയ്ക്കൽ ഭാഗത്ത് നിലവിലുള്ള അലൈൻമെന്റിനൊപ്പം പൂർണമായും തീരദേശം വഴി കടന്നുപോകുന്ന തരത്തിലുള്ള ബദൽ നിർദ്ദേശത്തിന്റെ സാദ്ധ്യത പരിശോധിക്കാനും ധാരണ.
സ്ഥലമേറ്റെടുക്കലുമായി ബന്ധപ്പെട്ട് ഉയർന്ന പരാതികൾ ചർച്ച ചെയ്യാൻ കഴിഞ്ഞയാഴ്ച ജില്ലാ ഭരണകൂടം വിളിച്ചുചേർത്ത യോഗത്തിന്റേതാണ് തീരുമാനം. സാധാരണഗതിയിൽ ഏറ്റെടുക്കുന്ന സ്ഥലവുമായി ബന്ധപ്പെട്ടാണ് സാമൂഹ്യാഘാത പഠനം നടക്കുന്നത്. എന്നാൽ മുണ്ടയ്ക്കൽ ഭാഗത്തെ നിലവിലെ അലൈൻമെന്റിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് പ്രദേശവാസികൾ തന്നെ മുന്നോട്ടുവച്ച ബദൽ നിർദ്ദേശത്തിന്റെ സാദ്ധ്യതകൾ കൂടി സാമൂഹ്യാഘാത പഠനത്തിൽ പരിശോധിക്കാൻ തീരുമാനിച്ചത്.
നിലവിലെ അലൈൻമെന്റ് പ്രകാരം ഇരവിപുരം ഭാഗത്ത് നിന്ന് വരുന്ന തീരദേശ ഹൈവേ മുണ്ടയ്ക്കൽ പാപനാശനത്ത് നിന്ന് വളഞ്ഞ് കൊല്ലം തോടിന്റെ ഓരത്തിലൂടെ ബീച്ചിന് മുന്നിലെത്തി പോർട്ട് റോഡിൽ പ്രവേശിച്ചാണ് മുന്നോട്ടുപോകുന്നത്. ഈ അലൈൻമെന്റ് പ്രകാരം അര കിലോ മീറ്ററിനിടയിൽ നാല് വളവുകൾ ഉണ്ടാകും. മുണ്ടയ്ക്കൽ ശ്രീ ഭദ്രകാളി ക്ഷേത്രത്തിന്റെ വലിയൊരു ഭാഗം, ഗുരുദേവൻ സ്ഥാനം കണ്ട് നിർമ്മിച്ച വറ്റാത്ത കിണർ എന്നിവയ്ക്ക് പുറമേ നിരവധി വീടുകളും നഷ്ടമാകും.
മുണ്ടയ്ക്കൽ പാപനാശനത്ത് നിന്ന് നേരെ തീരദേശം വഴി കടന്നുപോയാൽ വളവുകൾ ഒഴിവാകുന്നതിനൊപ്പം സ്ഥലമേറ്റെടുക്കൽ ചെലവും കുറയും. എന്നാൽ അഞ്ച് വർഷം മുമ്പുള്ള കണക്ക് അടിസ്ഥാനമാക്കി തീരദേശം വഴി കടന്നുപോകുമ്പോൾ 130 വീടുകൾ നഷ്ടമാകുമെന്നാണ് അലൈൻമെന്റ് തയ്യാറാക്കിയ നാറ്റ്പാക് വിശദീകരിക്കുന്നത്. എന്നാൽ മുണ്ടയ്ക്കൽ ഭാഗത്ത് തീരദേശത്തുള്ള പകുതി കുടുംബങ്ങളെയും പുനർഗേഹം പദ്ധതിയിൽ ഉൾപ്പെടുത്തി പുനരധിവസിപ്പിച്ചതാണ്. കടലാക്രമണത്തിന്റെ നിഴലിൽ നിൽക്കുന്ന ബാക്കി കുടുംബങ്ങളെയും പുനരധവസിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. അതുകൊണ്ട് തന്നെ മുണ്ടയ്ക്കൽ ഭാഗത്ത് പൂർണമായും തീരദേശം വഴി കടന്നുപോയാൽ സ്ഥലമേറ്റെടുക്കൽ ചെലവ് കുറയും. ഇക്കാര്യങ്ങളും സാമൂഹ്യാഘാത പഠനത്തിൽ പരിഗണിക്കും. പഠനത്തിന്റെ ഭാഗമായുള്ള ഹിയറിംഗിൽ പ്രദേശിവാസികളിൽ നിന്ന് ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ആരായും.