
കൊല്ലം: കുറഞ്ഞ ചെലവിൽ സാധാരണക്കാർക്ക് എ.സി ബസിൽ യാത്രചെയ്യാൻ കെ.എസ്.ആർ.ടി.സി പരീക്ഷണാർത്ഥം നടത്തിയ ജനത സർവീസ് സൂപ്പർഹിറ്റ്.
രണ്ട് മാസത്തിനിടെ 19437 പേരാണ് ജനത സർവീസിൽ യാത്ര ചെയ്തത്. ഇതിലൂടെ 1023342 രൂപ കളക്ഷൻ ലഭിച്ചു. കഴിഞ്ഞ സെപ്തംബർ 18നാണ് കൊല്ലം - തിരുവനന്തപുരം ജില്ലകളെ ബന്ധിപ്പിച്ച് സർവീസ് ആരംഭിച്ചത്.
ഫാസ്റ്റ് പാസഞ്ചറുകളുടെ സ്‌റ്റോപ്പുകളെ അടിസ്ഥാനമാക്കിയാണ് ജനതാബസുകളുടെയും സ്‌റ്റോപ്പുകൾ.
കൊല്ലത്ത് നിന്നും കൊട്ടാരക്കരയിൽ നിന്നുമുള്ള ഓരോ ജനത ബസ് സർവീസുകൾ സെക്രട്ടേറിയറ്റ്, യൂണിവേഴ്‌സിറ്റി കോളേജ്, മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലേയ്ക്ക് പോകുന്ന യാത്രക്കാർക്ക് ഏറെ ഉപകാരപ്രദമാണ്. യാത്രക്കാരുടെ എണ്ണം വർദ്ധിച്ചതോടെ കൊല്ലത്ത് നിന്ന് രണ്ടാമതൊരു സർവീസുകൂടി ആരംഭിച്ചിട്ടുണ്ട്.
കൊല്ലത്ത് നിന്ന് 7.15ന് ആദ്യ ബസ് പുറപ്പെടും. വൈകിട്ട് 5ന് തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേക്കും. രണ്ടാമത്തെ ബസ് 7.40ന് കൊല്ലം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നിന്ന് പുറപ്പെടും. കൊട്ടാരക്കരയിൽ നിന്ന് രാവിലെ 7.15നാണ് ബസ് പുറപ്പെടുക. വൈകിട്ട് 5.20ന് തിരുവനന്തപുരത്ത് നിന്ന് കൊട്ടാരക്കരയിലേക്ക് തിരിക്കും.
കെ.എസ്.ആർ.ടി.സിയുടെ എ.സി ബസുകളുടെ പതിവ് നിറത്തിൽ നിന്ന് മാറി മുൻവശത്തും പിന്നിലും നീലനിറമാണ് ജനത ബസിനുള്ളത്. ലോഗോയും പതിച്ചിട്ടുണ്ട്. പഴയ ജൻറം ബസുകളാണ് ജനത ബസുകളാക്കി മാറ്റിയത്. രണ്ട് മണിക്കൂറിൽ തിരുവനന്തപുരത്തെത്താം.
പോക്കറ്റിലൊതുങ്ങും ടിക്കറ്റ് ചാർജ്
മിനിമം ടിക്കറ്റ് 20 രൂപ
കൊല്ലം-തിരുവനന്തപുരം 97 രൂപ
കൊട്ടാരക്കര-തിരുവനന്തപുരം 97 രൂപ
കിലോമീറ്ററിന് 55 പൈസയാണ് ജനത ബസിൽ ഈടാക്കുന്നത്
കൊല്ലം- തിരുവനന്തപുരം (എ.സി ലോ ഫ്‌ളോർ ബസ്) 184 രൂപ
ഒക്‌ടോബർ
കളക്ഷൻ ₹ 451723
യാത്രക്കാർ- 8649
ശരാശരി വരുമാനം ₹ 14571
നവംബർ
കളക്ഷൻ ₹ 571619
യാത്രക്കാർ - 10788
ശരാശരി വരുമാനം- 19,053
വിവരങ്ങൾ വാട്സ് ആപ്പിൽ
സർവീസിനെക്കുറിച്ചുള്ള വിവരങ്ങൾ വാട്‌സ് ആപ്പ് ഗ്രൂപ്പിലൂടെ അറിയാം. സ്ഥിരം യാത്രക്കാരും ജീവനക്കാരും ചേർന്ന് ആരംഭിച്ചതാണ് ജനതബസ് വാട്സ് ആപ്പ് ഗ്രൂപ്പ്. ബസിലെ തിരക്ക് മുതൽ ബസ് എവിടെയെത്തി എന്നുവരെയുള്ള വിവരങ്ങൾ യഥാസമയം ലഭിക്കും. മുന്നൂറിലേറെപ്പേർ ഗ്രൂപ്പിൽ അംഗങ്ങളാണ്.
ബസ് റൂട്ട്
കൊല്ലം/കൊട്ടാരക്കര
പട്ടം
സെക്രട്ടേറിയറ്റ്
തമ്പാനൂർ
തൈക്കാട്
വഴുതക്കാട്
തമ്പാനൂർ ബസ് സ്റ്റാൻഡ്
ഓരോ സ്‌റ്റോപ്പിലും ജനത ബസിന്റെ നിരക്ക് കുറവ് വിളിച്ചുപറഞ്ഞാണ് യാത്രക്കാരെ ആകർഷിക്കുന്നത്.
ബസ് ജീവനക്കാർ