കൊല്ലം: കൂലി സംബന്ധിച്ച തർക്കത്തെത്തുടർന്ന് ഓട്ടോറിക്ഷ തൊഴിലാളികൾ നിസഹകരിച്ചതിനാൽ പൂട്ടേണ്ടി വന്ന, ചിന്നക്കടയിലെയും റെയിൽവേ സ്റ്റേഷനിലെയും പ്രീ പെയ്ഡ് കൗണ്ടറുകൾ വീണ്ടും തുറക്കാൻ വഴിതെളിയുന്നു. കഴിഞ്ഞ ബുധനാഴ്ച കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ 15ന് കൗണ്ടർ തുറക്കാനാവും വിധം ട്രാഫിക് പരിഷ്കരണ കമ്മിറ്റി രൂപീകരിച്ച് തീരുമാനം കൈക്കൊള്ളാൻ കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്.

കൂലി വർദ്ധിപ്പിക്കാതെ പ്രീ പെയ്ഡ് കൗശറിൽ കയറില്ലെന്ന നിലപാടിൽ ഓട്ടോ തൊഴിലാളികൾ കളക്ടറുടെ സാന്നിദ്ധ്യത്തിൽ നടന്ന ചർച്ചയിലും നിലപാടെടുത്തിരുന്നു. ഇതോടെ, ചില റൂട്ടുകളിൽ ഫ്ളെക്സി ചാർജ് (അധിക തുക) ഏർപ്പെടുത്തുന്നതടക്കമുള്ള കാര്യങ്ങൾ 13ന് ചേരുന്ന ട്രാഫിക്ക് പരിഷ്കരണ കോർ കമ്മിറ്റിയിൽ ചർച്ച ചെയ്താകും അന്തിമ റിപ്പോർട്ട് കളക്ടർക്ക് സമർപ്പിക്കുക. മേയറുടെ അദ്ധ്യക്ഷതയിൽ ആർടി.ഒ, എ.സി.പി, ട്രാഫിക് എസ്.ഐ, ജനകീയ ഉപഭോക്തൃസമിതി പ്രതിനിധികൾ, ഓട്ടോതൊഴിലാളി യൂണിയൻ പ്രതിനിധികൾ എന്നിവർ ട്രാഫിക്ക് പരിഷ്കരണ കോർ കമ്മിറ്റിയിൽ പങ്കെടുക്കും. കളകടറുടെ ചേംബറിൽ വിളിച്ചു ചേർത്ത യോഗത്തിൽ എ.സി.പി. ട്രാഫിക്ക് എസ്.ഐ,ആർ.ടി.ഒ, കോർപ്പറേഷൻ പ്രതിനിധി, ഓട്ടോ തൊഴിലാളി യുണിയൻ പ്രതിനിധി, ജനകീയ ഉപഭോക്തൃ സമിതി ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.

കോടതി ഉത്തരവിനെത്തുടർന്ന് കഴിഞ്ഞ ഒക്ടോബർ ആദ്യ വാരമാണ് കൊല്ലം നഗരത്തിന്റെ ഏറെക്കാലത്തെ ആവശ്യമായ പ്രീപെയ്ഡ് ഓട്ടോ സ്റ്റാൻഡുകൾ പ്രവർത്തിക്കാൻ തുടങ്ങിയത്. എന്നാൽ ആദ്യ ദിനം തന്നെ കൂലിത്തർക്കത്തെ തുടർന്ന് ഓട്ടോ തൊഴിലാളികൾ പ്രീപെയ്ഡ് ഓട്ടം പോകാൻ വിസമ്മതിച്ചു. ആർ.ടി.ഒ നിശ്ചയിച്ച നിരക്ക് പര്യാപ്തമല്ല എന്നായിരുന്നു ഓട്ടോക്കാരുടെ വാദം.

യാത്രക്കാർക്ക് ആശ്വാസമാകും

റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങുന്ന യാത്രക്കാർക്ക്, അമിത നിരക്ക് നൽകാതെ യാത്ര ചെയ്യാൻ സഹായകരമായിരുന്ന പ്രീപെയ്ഡ് കൗണ്ടറുകൾ കൊവിഡ് കാലത്താണ് പൂർണമായും അടച്ചത്. കൗണ്ടറുകൾ പ്രവർത്തിപ്പിക്കുന്നതിക്കാനുള്ള ചെലവ് ആര് വഹിക്കുമെന്ന തർക്കം തുറക്കുന്നത് വൈകിപ്പിച്ചു. കൗണ്ടറിന്റെ ചെലവ് വഹിക്കുന്നത് കോർപ്പറേഷനും നടത്തിപ്പ് ട്രാഫിക്ക് പൊലീസിനുമാണ്.

കളക്ടർ നൽകിയ റിപ്പോർട്ട് പ്രകാരം ലീഗൽ സർവീസ് അതോറിട്ടി സെക്രട്ടറിയുടെ ഉത്തരവനുസരിച്ചാണ് കൗണ്ടറുകൾ പ്രവർത്തനം ആരംഭിച്ചത്. കമ്പ്യൂട്ടറുകളും പ്രിന്ററുകളും സ്ഥാപിക്കാനും സോഫ്ട്‌വെയർ ഇൻസ്റ്റാൾ ചെയ്യാനും കാലതാമസം നേരിടുമെന്നതിനാൽ സഞ്ചരിക്കേണ്ട ദൂരവും തുകയും താത്കാലികമായി സ്ലിപ്പിൽ എഴുതി നൽകിയാണ് പ്രവർത്തനം തുടങ്ങിയത്. എന്നാൽ കൂലിത്തർക്കത്തെത്തുടർന്ന് പൊടുന്നനെ പ്രവർത്തനം നിലയ്ക്കുകയും ചെയ്തു.