jankar

കൊല്ലം: നിലവിലുണ്ടായിരുന്ന ജങ്കാർ, ഉടമ കൊണ്ടുപോയതോടെ പെരുവഴിയിലായ മൺറോത്തുരുത്തുകാർക്ക് ആശ്വാസമായി പുതിയ ജങ്കാർ സർവീസ് മൂന്നാഴ്ചയ്ക്കുള്ളിൽ ആരംഭിക്കും.

വൈക്കത്ത് സർവീസിന് ഉപയോഗിച്ചിരുന്ന ജങ്കാറാണ് എത്തിക്കുന്നത്. കായംകുളം സ്വദേശിയായ ഉടമസ്ഥൻ സർവീസിന് ലൈസൻസ് ആവശ്യപ്പെട്ട് പനയം പഞ്ചായത്തിന് അപേക്ഷ നൽകി. അനുമതിക്ക് പുറമേ നിരക്ക് വർദ്ധനവും ജങ്കാർ അടുപ്പിക്കാനുള്ള സൗകര്യം പേഴുംതുരുത്ത് കടവിൽ ഒരുക്കി നൽകണമെന്നും ആവശ്യപ്പെടുന്നു.

അടുത്ത പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ ലൈസൻസും നിരക്ക് വർദ്ധനവും സംബന്ധിച്ച് തീരുമാനമായേക്കും. പേഴുംതുരുത്ത് കടവിൽ ജങ്കാർ അടുപ്പിക്കാനുള്ള സൗകര്യം ഒരുക്കിനൽകണമെന്ന് കെ.ആർ.എഫ്.ബിയോടും ആവശ്യപ്പെട്ടിട്ടുണ്ട്.

പെരുമൺ പാലം നിർമ്മാണം ആരംഭിച്ചതോടെ പഴയ ‌ജങ്കാർ അടുപ്പിക്കുന്നത് പട്ടംതുരുത്തിലേക്ക് മാറ്റിയിരുന്നു. കൂടുതൽ ദൂരം ഓടേണ്ടതിനാൽ സർവീസിൽ നിന്ന് കാര്യമായ ലാഭം നടത്തിപ്പുകാർക്ക് ലഭിച്ചിരുന്നില്ല. അതുകൊണ്ടാണ് പുതുതായി എത്തിയിരിക്കുന്ന ജങ്കാർ ഉടമ ആദ്യമേ ആവശ്യങ്ങൾ ഉന്നയിച്ചത്.

മുൻകൈയെടുത്ത് പനയം പഞ്ചായത്ത്

ജങ്കാർ നിലച്ചതോടെ മൺറോത്തുരുത്ത് വഴി കുന്നത്തൂർ ഭാഗത്തേക്ക് പോയിരുന്ന പനയം പഞ്ചായത്തിലെ ജനങ്ങളും ദുരിതത്തിലായി. ഇതോടെയാണ് പനയം പഞ്ചായത്ത് ജങ്കാർ സർവീസ് ആരംഭിക്കാൻ മുൻകൈയെടുത്തത്. നേരത്തെ ഉണ്ടായിരുന്ന ജങ്കാർ മൺറോത്തുരുത്ത് പഞ്ചായത്തുമായി കരാർ ഒപ്പിട്ടാണ് സർവീസ് തുടങ്ങിയത്.

ജങ്കാർ നിലച്ചിട്ട് - 2 മാസം

ചുറ്റിക്കറങ്ങേണ്ടത് - 25 കിലോമീറ്റർ

പേഴുംതുരുത്തിൽ പാലത്തിന്റെ അപ്രോച്ച് റോഡ് നിർമ്മാണം അന്തിമഘട്ടത്തിലാണ്. അതിനാൽ കടവ് സജ്ജമാക്കുന്നതിൽ പ്രയാസമുണ്ടാകില്ല.

നാട്ടുകാർ