പോരുവഴി: ശൂരനാട് വടക്ക് പടിഞ്ഞാറ്റം മുറി വല്യത്ത് ജംഗ്ഷനിൽ മുണ്ടുവേലിൽ വടക്കത്തിൽ സുനിൽകുമാറിന്റെ വീട്ടിൽ കഴിഞ്ഞ ദിവസം രാത്രി 11ന് ഒരുസംഘം ആളുകൾ വീട്ടിൽ കയറി ആക്രമിക്കാൻ ശ്രമിച്ചു. മാരുതി വെള്ള ഓൾട്ടോ കാറിൽ ആണ് അഞ്ച് അംഗ സംഘം എത്തിയത്. ഗേറ്റ് അടച്ചിരുന്നതിനാൽ മതിൽ ചാടി അകത്തു കടന്ന സംഘം കോളിംഗ് ബെൽ അടിച്ചു വിളിക്കുകയായിരുന്നു. തുടരെ ബെല്ലടിക്കുന്നത് കേട്ട് ഉറങ്ങിക്കിടന്ന അനിൽകുമാർ കടയിൽ സാധനം വാങ്ങാൻ വന്നവരായിരിക്കുമെന്ന് കരുതി എഴുന്നേറ്റു ജനലിലൂടെ നോക്കിയപ്പോൾ തോർത്തുകൊണ്ട് മുഖം മറച്ച 5 പേ‌ർ വടിവാളുമായി നിൽക്കുന്നതാണ് കണ്ടത്. ലൈറ്റുകൾ എല്ലാം ഇട്ട് ബഹളം വച്ചപ്പോൾ അക്രമിസംഘം അസഭ്യം പറഞ്ഞുകൊണ്ട് കാറിൽ കയറി പോകുകയാണ് ഉണ്ടായത് .വീട്ടിൽ ഉണ്ടായിരുന്ന സി.സി.ടി.വി കാമറ അക്രമി സംഘം മറച്ചിരുന്നു. സമീപത്തുള്ള അനിൽകുമാറിന്റെ കടയിൽ ഉണ്ടായിരുന്ന കാമറയിൽ നിന്നാണ് കാറും ആളുകളെയും കണ്ടത് എന്നാൽ കാറിന്റെ നമ്പർ കണ്ടുപിടിക്കാൻ സാധിച്ചില്ല. ശൂരനാട് പൊലീസ് സ്റ്റേഷനിൽ പരാതി കൊടുത്തു.